സ്വർണമാല തിളക്കം കൂട്ടി നൽകി ; ഉണങ്ങിയശേഷം പരിശോധിച്ചപ്പോൾ അമ്പരന്ന് വീട്ടുകാർ ; ട്വിസ്റ്റ്

യുവാക്കൾ മാല കഴുകുന്ന ഫോട്ടോ വീട്ടമ്മ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മലപ്പുറം :  സ്വർണാഭരണം തിളക്കം കൂട്ടി നൽകാമെന്ന് പറഞ്ഞു തട്ടിപ്പു നടത്തിയ രണ്ടു യുവാക്കൾ പിടിയിൽ.  ബിഹാർ സ്വദേശികളായ
രവികുമാർ ഷാ (38), ശ്യാംലാൽ (40) എന്നിവരാണ് അറസ്റ്റിലായത്. പോരൂർ പൂത്രക്കോവിലെ വീട്ടമ്മയുടെ പരാതിയിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. വീട്ടമ്മയുടെ വീട്ടിലെത്തിയ പ്രതികൾ മൂന്നു പവൻ വരുന്ന മാല കഴുകി നിറംകൂട്ടി നൽകിയിരുന്നു. ഫാനിന്റെ ചുവട്ടിൽ വച്ചു നന്നായി ഉണങ്ങിയ ശേഷമേ എടുക്കാവൂ എന്നും പറഞ്ഞു.

കുറച്ചു കഴിഞ്ഞു മാല എടുത്തു നോക്കിയപ്പോൾ തൂക്കക്കുറവ് അനുഭവപ്പെട്ടു. ഉടൻ വാണിയമ്പലത്തെ ജ്വല്ലറിയിൽ എത്തിച്ചു തൂക്കി നോക്കിയപ്പോൾ ഒരു പവനോളം കുറവ് കണ്ടെത്തി. യുവാക്കൾ മാല കഴുകുന്ന ഫോട്ടോ വീട്ടമ്മ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഇതുപയോഗിച്ചു തിരച്ചിൽ നടത്തി. വാളോറിങ്ങൽ പുന്നപ്പാലയിൽ സമാന രീതിയിൽ തട്ടിപ്പു നടത്തുന്നതായി വിവരം ലഭിച്ചു. ഉടൻ അവിടെയെത്തി നാട്ടുകാരുടെ സഹായത്തോടെ തടഞ്ഞുവച്ചു പൊലീസിൽ അറിയിക്കുകയായിരുന്നു.

സ്വർണം അലിഞ്ഞുചേരുന്ന രാസ ലായനിയിൽ കഴുകി തിരിച്ചു നൽകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിലമ്പൂർ, പോത്തുകല്ല്, കുന്നംകുളം എന്നിവിടങ്ങളിൽ യുവാക്കൾ സമാന രീതിയിൽ തട്ടിപ്പു നടത്തിയതിനു നേരത്തേ അറസ്റ്റിലായിട്ടുണ്ടെന്നും  എസ്ഐ ബി പ്രദീപ്കുമാർ പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com