കൊറോണ:കേരളത്തില്‍ ആശ്വാസ വാര്‍ത്ത; ആലപ്പുഴയിലെ വിദ്യാര്‍ത്ഥി ആശുപത്രി വിട്ടു; തൃശൂരില്‍ രണ്ടുപേരെ ഡിസ്ചാര്‍ജ് ചെയ്തു

ലോകമാകെ കൊറോണ വൈറസ് ഭീതിയില്‍ കഴിയുമ്പോള്‍ കേരളത്തില്‍ നിന്ന് ആശ്വാസ വാര്‍ത്ത
കൊറോണ:കേരളത്തില്‍ ആശ്വാസ വാര്‍ത്ത; ആലപ്പുഴയിലെ വിദ്യാര്‍ത്ഥി ആശുപത്രി വിട്ടു; തൃശൂരില്‍ രണ്ടുപേരെ ഡിസ്ചാര്‍ജ് ചെയ്തു

ആലപ്പുഴ: ലോകമാകെ കൊറോണ വൈറസ് ഭീതിയില്‍ കഴിയുമ്പോള്‍ കേരളത്തില്‍ നിന്ന് ആശ്വാസ വാര്‍ത്ത. വൈറസ് ബാധയെത്തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിയെ ഡിസ്ചാര്‍ജ് ചെയ്തു. ഈ മാസം 26 വരെ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും.

വിദ്യാര്‍ത്ഥിയുടെ പരിശോധനാ റിപ്പോര്‍ട്ടുകളെല്ലാം തുടര്‍ച്ചയായി നെഗറ്റീവായതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്തത്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമെങ്കിലും നിരീക്ഷണം ആരംഭിച്ചത് മുതല്‍ ഇരുപത്തെട്ട് ദിവസം എന്ന കണക്കനുസരിച്ച് ഈ മാസം 26 വരെ വിദ്യാര്‍ത്ഥിയെ വീട്ടില്‍ നിരീക്ഷണത്തില്‍ നിര്‍ത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 24 ന് ചൈനയില്‍ നിന്നും എത്തിയശേഷം 30നാണ് വിദ്യാര്‍ത്ഥി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. രാജ്യത്തെ രണ്ടാമത്തെ കൊറോണ കേസ് ആയിരുന്നു ഇത്.

നിലവില്‍ ആലപ്പുഴ ജില്ലയില്‍ ആരും കൊറോണ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ നിരീക്ഷണത്തിലില്ല. 139 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. വൈറസുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയില്‍ നീരിക്ഷണത്തിലുള്ള 110 പേരില്‍ 29 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു. ഇതോടെ ജില്ലയില്‍ നിലവില്‍ നീരീക്ഷണത്തിലുള്ളവര്‍ 81 പേരാണ്. ഇതില്‍ ഒരാള്‍ ആശുപത്രിയിലും 80 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്.  വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 29 പേരാണ് നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചത്. തൃശൂരില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രണ്ട് പേരെ ഡിസ്ചാര്‍ജ് ചെയ്തു. ആശുപത്രികളില്‍ നാല് പേരും വീടുകളില്‍ 206 പേരുമാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com