തദ്ദേശ തെരഞ്ഞെടുപ്പിന് 2015ലെ വോട്ടര്‍ പട്ടിക വേണ്ട. 2019ലെ പട്ടിക ഉപയോഗിക്കാമെന്ന് ഹൈക്കോടതി 

കരടു വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച് പേരു ചേര്‍ക്കുന്നതിനും ആക്ഷേപങ്ങള്‍ പരിഹരിക്കുന്നതിനുമുള്ള നടപടികള്‍ നാളെ പൂര്‍ത്തിയാക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ ഉത്തരവ്
തദ്ദേശ തെരഞ്ഞെടുപ്പിന് 2015ലെ വോട്ടര്‍ പട്ടിക വേണ്ട. 2019ലെ പട്ടിക ഉപയോഗിക്കാമെന്ന് ഹൈക്കോടതി 

കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് 2015ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി നടത്തരുതെന്ന് ഹൈക്കോടതി. സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനത്തിനെതിരെ മുസ്ലിം ലീഗ് നേതാവ് സൂപ്പി നരിക്കാട്ടേരി നല്‍കിയ അപ്പീല്‍ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് മണികുമാറിന്റെ നേതൃത്വത്തിന്റെ ബെഞ്ചിന്റെ ഉത്തരവ്. 

2015ലെ വോട്ടര്‍ പട്ടികയെ അടിസ്ഥാനമാക്കിയാണ് തദ്ദേശ തെരഞ്ഞെടുപ്പിന് കരടു വോട്ടര്‍ പട്ടിക തയാറാക്കിയത്. ഇതിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികള്‍ രംഗത്തുവന്നിരുന്നു. 2019ലെ വോട്ടര്‍ പട്ടിക നിലനില്‍ക്കെ 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കുന്നതിനെയാണ് പാര്‍ട്ടികള്‍ ചോദ്യം ചെയ്തത്.

2015ലെ തെരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്ത് രണ്ടു തെരഞ്ഞെടുപ്പുകള്‍ നടന്നു. ആ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി കരടു വോട്ടര്‍ പട്ടിക തയാറാക്കണമെന്നാണ് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടര്‍ പട്ടിക വാര്‍ഡ് അടിസ്ഥാനത്തില്‍ അല്ലാത്തതിനാല്‍ അത് അടിസ്ഥാനാക്കി പട്ടിക പുതുക്കുന്നത് പ്രായോഗികമല്ലെന്നാണ് കമ്മിഷന്‍ വാദം. കമ്മിഷന്‍ തീരുമാനത്തിനെതിരെ യുഡിഎഫ് നേതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളുകയായിരുന്നു. വോട്ടര്‍ പട്ടിക തെരഞ്ഞെടുപ്പു കമ്മിഷന്റെ വിവേചന അധികാരത്തില്‍ പെട്ട കാര്യമാണെന്നായിരുന്നു സിംഗിള്‍ ബെഞ്ച് വിധിച്ചത്. ഇതിനെതിരെയാണ് സൂപ്പി നരിക്കാട്ടേരി അപ്പീല്‍ നല്‍കിയത്.

2015ലെ തെരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്ത് രണ്ടു തെരഞ്ഞെടുപ്പുകള്‍ നടന്നതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആ തെരഞ്ഞെടുപ്പുകളില്‍ വോട്ടു ചെയ്തവര്‍ ഇത്തവണ വീണ്ടും പട്ടികയില്‍ പേരു ചേര്‍ക്കേണ്ട സ്ഥിതിയാണ്. ഇത് വോട്ടര്‍മാര്‍ക്കു ബുദ്ധിമുട്ടും അധിക ചെലവും ഉണ്ടാക്കുന്നതാണെന്ന് ഹര്‍ജിയില്‍ പറഞ്ഞു. ഇത് അംഗീകരിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധി. തദ്ദേശ തെരഞ്ഞെടുപ്പിന് 2019ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കാമെന്നും ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പു കമ്മിഷന്  ഉചിതമായ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.

ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വോട്ടര്‍ പട്ടിക തദ്ദേശ തെരഞ്ഞെടുപ്പിന് ഉപയോഗിക്കാനാവില്ലെന്ന് സിംഗിള്‍ ബെഞ്ചിനു മുന്നില്‍ നിലപാടെടുത്ത തെരഞ്ഞെടുപ്പു കമ്മിഷന്‍ ഡിവിഷന്‍ ബെഞ്ചിനു മുന്നില്‍ നിലപാടു മാറ്റിയിരുന്നു. കോടതി ഉത്തരവിട്ടാല്‍ പുതിയ വോട്ടര്‍ പട്ടിക ഉപയോഗിച്ച് പുതുക്കല്‍ നടത്താമെന്ന് കമ്മിഷന്‍ അറിയിച്ചിരുന്നു.

കരടു വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച് പേരു ചേര്‍ക്കുന്നതിനും ആക്ഷേപങ്ങള്‍ പരിഹരിക്കുന്നതിനുമുള്ള നടപടികള്‍ നാളെ പൂര്‍ത്തിയാക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ ഉത്തരവ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com