ഓ‍ട്ടത്തിനിടെ തീ ​ഗോളമായി കെഎസ്ആർടിസി ബസ്; അപകടം പമ്പ റൂട്ടിൽ; അയ്യപ്പൻമാർ രക്ഷപ്പെട്ടു

പമ്പ- നിലയ്ക്കൽ റൂട്ടിൽ ചെയിൻ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് ഓട്ടത്തിനിടെ കത്തി നശിച്ചു
ഓ‍ട്ടത്തിനിടെ തീ ​ഗോളമായി കെഎസ്ആർടിസി ബസ്; അപകടം പമ്പ റൂട്ടിൽ; അയ്യപ്പൻമാർ രക്ഷപ്പെട്ടു

ശബരിമല: പമ്പ- നിലയ്ക്കൽ റൂട്ടിൽ ചെയിൻ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് ഓട്ടത്തിനിടെ കത്തി നശിച്ചു. വെള്ളിയാഴ്ച വൈകീട്ട് 6.50ന് ചാലക്കയത്തിനും അട്ടത്തോടിനും മധ്യേ വനമേഖലയിലാണ് അപകടം ഉണ്ടായത്. യാത്രക്കാരായ അയ്യപ്പന്മാർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. പത്തനംതിട്ട ഡിപ്പോയിലെ ലോഫ്ലോർ നോൺ എസി ജൻറം ബസ് ജെഎൻ 551നാണ് തീ പിടിച്ചത്.

ബസിന്റെ പിന്നിലെ ടയർ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് അതിന്റെ ഭാഗം ഡീസൽ ടാങ്കിൽ തട്ടിയാണ് തീ പിടിച്ചത്. ബസിൽ 70 യാത്രക്കാർ ഉണ്ടായിരുന്നു. അപകടം ഉണ്ടായ ഉടനെ ബസിന്റെ രണ്ടു വാതിലും തുറക്കാൻ കഴിഞ്ഞു. യാത്രക്കാർ വാതിലിലൂടെയും വശങ്ങളിലൂടെയും പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. വശങ്ങളിലൂടെ ചാടിയവർക്കാണ് നിസാര പരുക്കു പറ്റിയത്. കുറെ പേരുടെ ഇരുമുടിക്കെട്ടുകളും തോൾ സഞ്ചികളും നഷ്ടപ്പെട്ടു.

മൊബൈൽ റേഞ്ച് ഉള്ള സ്ഥലത്തല്ലായിരുന്നു അപകടം നടന്നത്. അതിനാൽ അപകടം പമ്പയിലും നിലയ്ക്കലും അറിയിക്കാൻ വൈകി. പമ്പ- നിലയ്ക്കൽ റൂട്ടിൽ റോന്ത് ചുറ്റുകയായിരുന്ന പൊലീസ് പമ്പയിൽ എത്തിയാണ് അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചത്. ഡീസൽ ടാങ്ക് പൊട്ടിത്തെറിച്ച് വനത്തിലേക്ക് തീപടർന്നു. ഇതേ തുടർന്ന് പമ്പ-നിലയ്ക്കൽ റൂട്ടിൽ ഒരു മണിക്കൂറിലേറെ ഗതാഗതം മുടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com