ട്രാഫിക് നിയന്ത്രണം സ്വകാര്യ കമ്പനിക്ക് കൈമാറുന്നു ; പിന്നില്‍ ഗാലക്‌സോണ്‍ ?; പുതിയ ആരോപണവുമായി പ്രതിപക്ഷം

കെല്‍ട്രോണിനെ മറയാക്കിയാണ് നീക്കം നടക്കുന്നത്. ഇതിനായി സിഡ്‌കോയെ പോലും ടെന്‍ഡറില്‍ നിന്നും ഒഴിവാക്കിയെന്നും പ്രതിപക്ഷ നേതാവ്
ട്രാഫിക് നിയന്ത്രണം സ്വകാര്യ കമ്പനിക്ക് കൈമാറുന്നു ; പിന്നില്‍ ഗാലക്‌സോണ്‍ ?; പുതിയ ആരോപണവുമായി പ്രതിപക്ഷം

തിരുവനന്തപുരം : പൊലീസ് വകുപ്പിനെതിരെ വീണ്ടും അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ട്രാഫിക് നിയന്ത്രണം സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കാനാണ് ശ്രമം നടക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. ഗതാഗത നിയമലംഘനം തടയാനുള്ള 180 കോടിയുടെ പദ്ധതി സ്വകാര്യ കമ്പനിയ്ക്ക് നല്‍കാനാണ് നീക്കം. കെല്‍ട്രോണിനെ മറയാക്കിയാണ് ഇതിന് നീക്കം നടക്കുന്നത്. ഇതിനായി സിഡ്‌കോയെ പോലും ടെന്‍ഡറില്‍ നിന്നും ഒഴിവാക്കിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.  

സ്വകാര്യ കമ്പനിയുമായി ചേര്‍ന്ന് കൊള്ളലാഭം കൊയ്യാനാണ് കെല്‍ട്രോണുമായി ചേര്‍ന്ന് ഡിജിപി പദ്ധതി ആസൂത്രണം ചെയ്തത്. കേരള പൊലീസിന്റെ സിംസ് പദ്ധതി തിരുവനന്തപുരത്തെ കമ്പനിയായ മീഡിയോട്രോണിക്‌സിന് കരാര്‍ നല്‍കാനാണ് ധാരണയായത്. ഇതിന് പിന്നില്‍ ഇതിനകം വിവാദമായ ഗാലക്‌സോണ്‍ ഉണ്ടെന്നാണ് അറിയുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പദ്ധതിയെക്കുറിച്ച് വിവാദം ഉണ്ടായതോടെയാണ് ഡിജിപി കരാറില്‍ ഒപ്പിടാതെ മുക്കിയത്. അതൊഴിച്ച് കരാറിന്റെ എല്ലാ നടപടികളും പൂര്‍ത്തിയായതായി പ്രതിപക്ഷനേതാവ് പറഞ്ഞു.

ട്രാഫിക് നിയമങ്ങള്‍ കണ്ടുപിടിച്ച് പൊലീസിനെ അറിയിക്കുന്ന, സ്വകാര്യ കമ്പനിക്ക് ട്രാഫിക് നിയമലംഘനങ്ങളില്‍ പിഴയുടെ 90 ശതമാനം തുകയും സര്‍വീസ്-മെയിന്റനന്‍സ് ചാര്‍ജായി ലഭിക്കുന്ന വിധത്തിലാണ് ധാരണയായിട്ടുള്ളത്. കമ്പനിക്ക് പിരിച്ചെടുക്കാന്‍ പറ്റാത്ത തുക പൊലീസ് പിഴയിലൂടെ കണ്ടെത്തും. പെറ്റിയടിക്കാന്‍ സ്വകാര്യ കമ്പനിക്ക് അധികാരം നല്‍കുന്ന സ്ഥിതിവിശേഷമാണ് ഉണ്ടാകുന്നത്. 180 കോടിയുടെ പദ്ധതി ഏറ്റെടുത്ത് നടപ്പാക്കാനുള്ള ശേഷി പാപ്പനംകോട്ടിലുള്ള ഇടത്തരം കമ്പനിയായ മീഡിയാട്രോണിക്‌സിനില്ല. ഗാലക്‌സോണ്‍ എന്ന കമ്പനിക്ക് ലാഭം ഉണ്ടാക്കാനുള്ള മാര്‍ഗമായിട്ടാണ് മീഡിയാട്രോണിക്‌സിനെ ഉപയോഗിക്കുന്നത്.

സ്വകാര്യ കമ്പനിയെ തുക്കടി സായിപ്പായി വേഷം കെട്ടിച്ച് ജനങ്ങളെ കൊള്ളയടിക്കാനാണ് ശ്രമം. 90 ശതമാനവും മീഡിയാട്രോണിക്‌സ് വഴി ഗാലക്‌സിയോണിന് ലഭിക്കാനാണ് സാധ്യത. ട്രാഫിക് ലൈറ്റുകളും മറ്റും ഉണ്ടാക്കി കൊടുക്കുന്ന മീഡിയോട്രോണിക്‌സിനെ മറയാക്കുകയാണ് ചെയ്യുന്നത്. സിംസ് പദ്ധതി നടപ്പാക്കാനുള്ള പ്രവര്‍ത്തിപരിചയം ഗാലക്‌സോണിനില്ല. മൂന്നുവര്‍ഷത്തെ പ്രവര്‍ത്തനപരിചയം വേണമെന്നാണ് ടെന്‍ഡര്‍ വ്യവസ്ഥയില്‍ പറയുന്നത്. എന്നാല്‍ ഗാലക്‌സോണ്‍ നിലവില്‍ വന്നത് 2017 ലാണ്. ഗാലക്‌സോണിന്റെ രണ്ട് ഡയറക്ടര്‍മാര്‍ കരിമ്പട്ടികയില്‍പ്പെട്ടവരാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഗാലക്‌സിയോണിനെ പൊലീസ് ആസ്ഥാനത്തുനിന്നും പുറത്താക്കണം. ഈ ടെന്‍ഡര്‍ റദ്ദാക്കണം. പദ്ധതിയില്‍ മൗനം പാലിക്കുന്ന മുഖ്യമന്ത്രിക്കും ഇതില്‍ പങ്കുണ്ടോയെന്ന് സംശയിക്കേണ്ട സ്ഥിതിവിശേഷമാണ്. പദ്ധതിക്ക് മുന്നോട്ടുവന്ന സിഡ്‌കോ ലഭിക്കുന്ന തുകയുടെ 40 ശതമാനവും സര്‍ക്കാരിന് നല്‍കാമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇതുപോലും തള്ളിയാണ് സ്വകാര്യ കമ്പനിക്ക് ടെന്‍ഡര്‍ ഉറപ്പിച്ചത്. സംസ്ഥാന പൊലീസിനെയും സ്വകാര്യവല്‍ക്കരിക്കാനാണോ സര്‍ക്കാര്‍ നീക്കമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com