ട്രാഫിക് ലംഘിച്ചാല്‍ ഇനി പിഴയടയ്ക്കാന്‍ കോടതിയില്‍ പോകേണ്ടതില്ല; ഏപ്രില്‍ ഒന്നുമുതല്‍ പുതിയ സംവിധാനം

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഈ സംവിധാനം ഏപ്രില്‍ ഒന്നിന് നിലവില്‍ വരും
ട്രാഫിക് ലംഘിച്ചാല്‍ ഇനി പിഴയടയ്ക്കാന്‍ കോടതിയില്‍ പോകേണ്ടതില്ല; ഏപ്രില്‍ ഒന്നുമുതല്‍ പുതിയ സംവിധാനം

കൊച്ചി: ഡല്‍ഹി മാതൃകയില്‍ കേരളത്തിലും വിര്‍ച്വല്‍ കോടതി സംവിധാനം ആരംഭിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. ഈ സംവിധാനം നിലവില്‍ വരുന്നതോടെ ട്രാഫിക് കുറ്റകൃത്യങ്ങള്‍ക്ക് പിഴയടയ്ക്കാന്‍ കോടതിയില്‍ നേരിട്ടു പോകേണ്ടിവരില്ല. നടപടികളുടെ സുതാര്യത ഉറപ്പുവരുത്താനും കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനും ഇതുമൂലം സാധിക്കുമെന്നാണ് പൊലീസ് പറയുന്നത്. സമന്‍സും നോട്ടീസുകളും കെട്ടിക്കിടക്കുന്ന അവസ്ഥ പൂര്‍ണ്ണമായും ഒഴിവാകും.

ഒരു ആപ്പിന്റെ സഹായത്തോടെ ബന്ധപ്പെടാന്‍ കഴിയുന്ന വിര്‍ച്വല്‍ ജഡ്ജിയെ നിയമിക്കുകയാണ് ഹൈക്കോടതി ചെയ്യുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഈ സംവിധാനം ഏപ്രില്‍ ഒന്നിന് നിലവില്‍ വരും. ട്രാഫിക് കുറ്റകൃത്യങ്ങള്‍, റെയില്‍വേ കോടതിയുമായി ബന്ധപ്പെട്ട കേസുകള്‍, തൊഴില്‍ സംബന്ധമായ കേസുകള്‍, മുനിസിപ്പല്‍ കേസുകള്‍ എന്നിവ ഈ സംവിധാനത്തിന്‍ കീഴില്‍ വരും.

ഗതാഗതനിയമലംഘനം നടത്തുന്നവരുടെ വാഹനങ്ങളുടെ വിവരങ്ങള്‍ പൊലീസിന്റെയോ മോട്ടോര്‍ വാഹനവകുപ്പിന്റെയോ ഇചലാന്‍ സംവിധാനം വഴി രേഖപ്പെടുത്തുകയാണ് ചെയ്യുക. നിയമലംഘനം നടത്തിയയാളെ തിരിച്ചറിഞ്ഞശേഷം കോടതി മറ്റ് നടപടികളിലേക്ക് കടക്കും. പൊലീസ് പിടിച്ചെടുക്കുന്ന രേഖകള്‍ ശരിയാണോ എന്ന് പരിശോധിക്കാനും സംവിധാനമുണ്ട്.

വാഹനത്തിന്റെ ഇനം അനുസരിച്ചും കേസുകള്‍ തരംതിരിക്കാനാകും. പരിശോധനയ്ക്കിടെ റോഡില്‍വച്ച് ചലാന്‍ നല്‍കുമ്പോള്‍ ജിപിഎസ് സഹായത്തോടെ കൃത്യം നടന്ന സ്ഥലം രേഖപ്പെടുത്തും. ജില്ലാ, മേഖലാ അടിസ്ഥാനത്തില്‍ കണക്കുകള്‍ ക്രോഡീകരിക്കാന്‍ ഇത് സഹായിക്കും. തന്റെ മേല്‍ ചുമത്തുന്ന കുറ്റത്തിന്റെ വകുപ്പും ശിക്ഷാനടപടികളും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ മനസ്സിലാക്കാന്‍ ഇതുവഴി നിയമലംഘകര്‍ക്ക് കഴിയും. വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്ന സന്ദര്‍ഭത്തില്‍ ഒറ്റിപിയുടെ സഹായത്തോടെ പേരും മൊബൈല്‍ നമ്പറും മാറ്റാനും സൗകര്യമൊരുക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com