പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം; വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമായി സര്‍ക്കാര്‍

 വില്ലേജ് ഓഫീസര്‍, തഹസീല്‍ദാര്‍, ഡിവൈഎസ്പി, എസ്പി, എസ്‌ഐ എന്നിവര്‍ക്കെതിരെയും നടപടിയുണ്ടാകും
പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം; വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടം തടയുന്നതില്‍ വീഴ്ച വരുത്തിയ പൊലീസ്, റവന്യു ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ മന്ത്രി സഭ പൊതു ഭരണ വകുപ്പിനെ ചുമതലപ്പെടുത്തി.  വില്ലേജ് ഓഫീസര്‍, തഹസീല്‍ദാര്‍, ഡിവൈഎസ്പി, എസ്പി, എസ്‌ഐ എന്നിവര്‍ക്കെതിരെയും നടപടിയുണ്ടാകും. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച പിഎസ് ഗോപിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നു.

2016 ഏപ്രില്‍ പത്തിന് പുലര്‍ച്ചെ 3.17ന് കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തില്‍ 110 പേരാണ് മരിച്ചത്. എഴുന്നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. നൂറിലധികം വീടുകള്‍ തകര്‍ന്നു. വെടിക്കെട്ടിനു മുന്നോടിയായി അമ്പലത്തിന്റെയും പരിസര പ്രദേശങ്ങളുടേയും ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയ പി.എസ്. ഗോപിനാഥന്‍ കമ്മിഷന്‍ ഇവര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു.

അപകടകരമായ രീതിയില്‍ വെടിക്കെട്ട് നടന്നിട്ടും നിര്‍ത്തിവയ്ക്കാന്‍ പൊലീസോ ജില്ലാ ഭരണകൂടമോ ഇടപെട്ടില്ല. വെടിക്കെട്ടിനു മേല്‍നോട്ടക്കാരനുണ്ടായിരുന്നില്ല. ജനത്തിന്റെ സുരക്ഷയ്ക്ക് ഒരു നടപടിയും പൊലീസ് സ്വീകരിച്ചില്ലെന്നും കമ്മിഷന്‍ കണ്ടെത്തിയിരുന്നു. വര്‍ക്കല കൃഷ്ണന്‍കുട്ടി, കഴക്കൂട്ടം സുരേന്ദ്രന്‍ എന്നീ കരാറുകാര്‍ വെടിക്കെട്ട് നടത്തുന്നതിനിടെ മുകളിലേക്കു കത്തിച്ചുവിട്ട പടക്കങ്ങളിലൊന്ന് കത്തിക്കാന്‍ വച്ചിരുന്ന പടക്കങ്ങളിലേക്കു വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന കെട്ടിടം പൂര്‍ണമായി തകര്‍ന്നു. ഇതിന്റെ കോണ്‍ക്രീറ്റും കമ്പികളും വീണാണ് നിരവധിപേര്‍ മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com