'നന്ദിയുണ്ട് ഗിരീഷ്, ബൈജു അങ്കിള്‍; നിങ്ങളെന്റെ ജീവന്‍ രക്ഷിച്ചു'; ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്ന് കവിത വാര്യര്‍

എന്റെ ജീവിതത്തില്‍ നിര്‍ണായകമായ ഒരു ദിവസം അച്ഛന്റെ സ്ഥാനത്ത് നില്‍ക്കാന്‍ ഒരു വ്യക്തിയെ ലഭിച്ചതില്‍ ഞാന്‍ ദൈവത്തോട് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു
'നന്ദിയുണ്ട് ഗിരീഷ്, ബൈജു അങ്കിള്‍; നിങ്ങളെന്റെ ജീവന്‍ രക്ഷിച്ചു'; ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്ന് കവിത വാര്യര്‍

കോഴിക്കോട്: അവിനാശിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ ടിഡി ഗിരീഷിനും കണ്ടക്ടര്‍ ബൈജുവിനും നന്ദിയും ആദരാഞ്ജലികളും അര്‍പ്പിച്ച് ഡോ.കവിതാ വാര്യര്‍. 

2018ല്‍ എറണാകുളം-ബം​ഗളൂർ യാത്രക്കിടയില്‍ കവിതയുടെ ജീവന്‍ രക്ഷിച്ചവരാണ് ഗിരീഷും ബൈജുവും. യാത്രക്കിടയില്‍ കവിതയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കവിതയെ ആശുപത്രിയില്‍ എത്തിച്ചത് ഡ്രൈവര്‍ ഗിരീഷും കണ്ടക്ടര്‍ ബൈജുവും ചേര്‍ന്നാണ്. കവിതയുടെ ബന്ധുക്കള്‍ എത്തുന്നതുവരെ ആശുപത്രിയില്‍ കൂട്ടുനില്‍ക്കുകയും ചെയ്തു. സംഭവം വാര്‍ത്തയായതോടെ യാത്രക്കാരിയുടെ ജീവന്‍ രക്ഷിച്ചതിന് ഇവര്‍ക്ക് മികച്ച സേവനത്തിലുള്ള അംഗീകാരവും ലഭിച്ചിരുന്നു. 

ഗിരീഷിന്റെയും ബൈജുവിന്റെയും മരണവാര്‍ത്ത പുറത്തുവന്നതുമുതല്‍ സഹപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ ആദ്യം ഓര്‍ത്തത് ഈ സംഭവമാണ്. 2018ല്‍ നടന്ന സംഭവം സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും ലോകമറിഞ്ഞു. ഒടുവില്‍ ജീവന്‍ രക്ഷിച്ച ഗിരീഷിനും ബൈജുവിനും നന്ദിയും ആദരാജ്ഞലികളും അര്‍പ്പിച്ചിരിക്കുകയാണ് തൃശ്ശൂര്‍ സ്വദേശിനിയായ ഡോ.കവിത വാര്യര്‍. 

'അവര്‍ നമ്മളെ വിട്ടുപോയതില്‍ എനിക്ക് വളരെയധികം ദു:ഖമുണ്ട്. എന്റെ ജീവിതത്തില്‍ നിര്‍ണായകമായ ഒരു ദിവസം അച്ഛന്റെ സ്ഥാനത്ത് നില്‍ക്കാന്‍ ഒരു വ്യക്തിയെ ലഭിച്ചതില്‍ ഞാന്‍ ദൈവത്തോട് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. അദ്ദേഹം അന്നത്തെ ദിവസം രക്ഷിച്ചത് എന്റെ ജീവനാണ്. നന്ദിയുണ്ട് ഗിരീഷ്, ബൈജു അങ്കിള്‍. നിങ്ങളെന്റെ ജീവന്‍ രക്ഷിച്ചു. നിങ്ങളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.'കവിത ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com