കുട്ടനാട് സീറ്റ് എന്‍സിപിക്ക് തന്നെ ; തോമസ് ചാണ്ടിയുടെ സഹോദരന്‍ സ്ഥാനാര്‍ത്ഥിയായേക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st February 2020 04:42 PM  |  

Last Updated: 21st February 2020 04:42 PM  |   A+A-   |  

 


തിരുവനന്തപുരം : നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കുട്ടനാട് സീറ്റ് എന്‍സിപിക്ക് തന്നെ നല്‍കും. ഇന്നുചേര്‍ന്ന ഇടതുമുന്നണി നേതൃയോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. സ്ഥാനാര്‍ത്ഥിയെ എന്‍സിപിക്ക് തീരുമാനിക്കാം. കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കണമെന്ന ശക്തമായ സമ്മര്‍ദ്ദം ജില്ലയിലെ പാര്‍ട്ടി നേതാക്കള്‍ മുന്നോട്ടുവെച്ചിരുന്നു. ഇതോടെ സീറ്റ് വിട്ടുതരാനാകില്ലെന്ന് എന്‍സിപി ശക്തമായ നിലപാട് അറിയിക്കുകയായിരുന്നു. മുന്‍മന്ത്രി തോമസ് ചാണ്ടി മരിച്ചതിനെ തുടര്‍ന്നാണ് കുട്ടനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

കുട്ടനാട്ടിലേക്ക് എന്‍സിപി സ്ഥാനാര്‍ത്ഥിയായി തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസിന്റെ പേരാണ് പാര്‍ട്ടി പരിഗണിക്കുന്നത്. തോമസ്  കെ തോമസിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് നേരത്തെ തോമസ് ചാണ്ടിയുടെ കുടുംബം ആവശ്യമുന്നയിച്ചിരുന്നു. തനിക്കോ മക്കള്‍ക്കോ സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പ്പര്യമില്ലെന്നും, തോമസിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പരിഗണിക്കണമെന്നും തോമസ് ചാണ്ടിയുടെ ഭാര്യ മേരി ചാണ്ടി എന്‍സിപി നേതാക്കള്‍, മുഖ്യമന്ത്രി, സിപിഎം സംസ്ഥാന സെക്രട്ടറി എന്നിവര്‍ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

തോമസ് ചാണ്ടി രോഗബാധിതനായപ്പോള്‍ മണ്ഡലത്തിന്റെ ചുമതല തോമസിനെയാണ് ഏല്‍പ്പിച്ചിരുന്നത്.  തോമസ് കെ തോമസ് തന്റെ പിന്‍ഗാമി ആകണമെന്നാണ് തോമസ് ചാണ്ടി ആഗ്രഹിച്ചിരുന്നതെന്നും മേരി ചാണ്ടി കത്തില്‍ പറയുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ സജീവമല്ലാത്ത തോമസ് കെ തോമസിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തു വരികയായിരുന്നു.

പാര്‍ട്ടിയിലെ സജീവ പ്രവര്‍ത്തകര്‍ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കണമെന്നായിരുന്നു ഈ പക്ഷത്തിന്റെ ആവശ്യം. സുല്‍ഫിക്കര്‍ മയൂരി അടക്കം ഏതാനും നേതാക്കളുടെ പേരുകളാണ് ഇവര്‍ മുന്നോട്ടുവെച്ചത്. എതിര്‍പ്പുയര്‍ന്നതോടെ, പാര്‍ട്ടി തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് തോമസ് കെ തോമസും അഭിപ്രായപ്പെട്ടിരുന്നു.