പാക് വെടിയുണ്ടകള്‍ : തീവ്രവാദസംഘടനകള്‍ക്ക് പങ്ക് ?; ഐഎസില്‍ നിന്നും മടങ്ങിയവര്‍ നിരീക്ഷണത്തില്‍ ; അന്വേഷണം തമിഴ്‌നാട്ടിലേക്കും

വെടിയുണ്ടകള്‍ ശാസ്ത്രീയ പരിശോധന നടത്തും. ശാസ്ത്രീയ പരിശോധനക്ക് ഹൈദരാബാദിലെ ഫൊറന്‍സിക് ലാബിന്റെ സഹായം തേടിയിട്ടുണ്ട്
പാക് വെടിയുണ്ടകള്‍ : തീവ്രവാദസംഘടനകള്‍ക്ക് പങ്ക് ?; ഐഎസില്‍ നിന്നും മടങ്ങിയവര്‍ നിരീക്ഷണത്തില്‍ ; അന്വേഷണം തമിഴ്‌നാട്ടിലേക്കും

കൊല്ലം: കൊല്ലം കുളത്തുപ്പൂഴയില്‍ പാക് നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ തീവ്രവാദ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ച് അന്വേഷണം. ഐഎസില്‍ നിന്ന് മടങ്ങിയെത്തിയ ആളുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ഐഎസില്‍ നിന്ന് മടങ്ങിയെത്തിയ മലയാളിയുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇയാളുമായി ബന്ധമുളളവര്‍ കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ഉണ്ടെന്നാണ് വിവരം.

ഇതിനൊപ്പം മുന്‍ സൈനികര്‍ ആരെങ്കിലും ഉപേക്ഷിച്ച വെടിയുണ്ടകളാണോ എന്നതും അന്വേഷിക്കുന്നുണ്ട്. വെടിയുണ്ടകള്‍ ശാസ്ത്രീയ പരിശോധന നടത്തും. ശാസ്ത്രീയ പരിശോധനക്ക് ഹൈദരാബാദിലെ ഫൊറന്‍സിക് ലാബിന്റെ സഹായം തേടിയിട്ടുണ്ട്. വെടിയുണ്ട കണ്ടെത്തിയ സംഭവത്തില്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ തലവന്‍ ഡിഐജി അനൂപ് കുരുവിള ജോണിന്റെ നേതൃത്വത്തിലുള്ള സംഘം വിപൂലീകരിച്ചിട്ടുണ്ട്. ഡിഐജി അനൂപ് കുരുവിള ജോണ്‍ കുളത്തൂപ്പുഴയിലെത്തി വെടിയുണ്ടകളും അത് ഉപേക്ഷിക്കപ്പെട്ട സ്ഥലവും പരിശോധിച്ചു. വെടിയുണ്ടകള്‍ ആദ്യം കണ്ടവരില്‍ നിന്ന് വിവരങ്ങള്‍ തേടി.

വെടിയുണ്ട പൊതിഞ്ഞിരുന്ന രണ്ടു പത്രങ്ങളില്‍ ഒന്ന് തമിഴ്പത്രമാണ്. ഇതിനാല്‍ തമിഴ്‌നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിക്കും. കളിയിക്കാവിളയില്‍ പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസുമായി ഇതിന് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംസ്ഥാന തീവ്രവിരുദ്ധ സേനക്കൊപ്പം ദേശീയ അന്വേഷണ ഏജന്‍സിയും മിലിട്ടറി ഇന്റലിജന്‍സും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. ശനിയാഴ്ചയാണ് കുളത്തൂപ്പുഴ മുപ്പതടിപ്പാലത്തിനു സമീപം വഴിയരികില്‍ നിന്ന് 14 വെടിയുണ്ടകള്‍ കിട്ടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com