പിഞ്ചുകുഞ്ഞ് അടക്കമുളള കുടുംബത്തിന് നേരെയുണ്ടായ അതിക്രമം: കട്ടപ്പന സിഐയ്ക്ക് സസ്‌പെന്‍ഷന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th February 2020 11:05 PM  |  

Last Updated: 24th February 2020 11:05 PM  |   A+A-   |  

 

കട്ടപ്പന:പിഞ്ചുകുഞ്ഞ് അടക്കമുള്ള കുടുംബത്തിന് നേരെ അതിക്രമം കാട്ടിയെന്ന പരാതിയില്‍ കട്ടപ്പന സിഐ അനില്‍കുമാറിന് സസ്‌പെന്‍ഷന്‍. സിവില്‍ ഡ്രസ്സിലായിരുന്ന സിഐ അപകടകരമായ രീതിയില്‍ വണ്ടിയോടിച്ചത് ചോദ്യം ചെയ്തതിന് കാറില്‍ പിന്തുടര്‍ന്ന് അപായപ്പെടുത്താന്‍ നോക്കിയെന്നായിരുന്നു പരാതി.

മുപ്പതു ദിവസം പ്രായമുള്ള കുഞ്ഞും, അമ്മയും അടക്കമുള്ള കുടുംബം അഭയം തേടി സ്‌റ്റേഷനില്‍ എത്തിയതോടെ കട്ടപ്പന സ്‌റ്റേഷനിലെ പൊലീസുകാരും പിന്നാലെ വന്ന സിഐയും മര്‍ദിച്ചെന്നായിരുന്നു പരാതി. സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിഐയ്‌ക്കെതിരായ നടപടി.

കൈക്കുഞ്ഞിന്റെ ശ്വാസ തടസ്സത്തിനു ചികിത്സ തേടി മടങ്ങിയ അഞ്ചംഗ കുടുംബത്തിനു നേരെ കട്ടപ്പന സിഐ അനില്‍കുമാറും മറ്റൊരു എസ്‌ഐയും അതിക്രമം കാണിച്ചെന്നായിരുന്നു പരാതി. സന്യാസിയോട കിഴക്കേമഠത്തില്‍ കൃഷ്ണന്‍കുട്ടി, ഭാര്യ വല്‍സമ്മ, മക്കളായ കൃപ മോന്‍, കൃപമോള്‍  മകളുടെ ഭര്‍ത്താവ് എന്നിവരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ കൃഷ്ണന്‍കുട്ടിയെയും, കൃപമോനെയും വാഹനത്തില്‍ നിന്നും വലിച്ചിറക്കി മര്‍ദിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.   വല്‍സല, കൃപ മോള്‍ എന്നിവരോട് മോശമായ പദപ്രയോഗങ്ങള്‍ നടത്തുകയും ചെയ്തു.

കോട്ടയം ഇഎസ്‌ഐ ആശുപത്രിയില്‍ പോയി മടങ്ങുന്നതിനിടെ  മാട്ടുക്കട്ടയിലാണ് സംഭവം.  മഫ്തിയില്‍ അനില്‍ കുമാര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടകരമായി ഓടിച്ചത് ചോദ്യം ചെയ്തതാണ് മര്‍ദന കാരണം.