മുരളീധരനെതിരെ എത്ര കേസുകള്‍ ഉണ്ട്?; ശബരിമലയില്‍ എനിക്കെതിരെ 993 കേസുകള്‍; തുറന്നടിച്ച് സെന്‍കുമാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th February 2020 08:00 PM  |  

Last Updated: 24th February 2020 09:20 PM  |   A+A-   |  

 

കൊച്ചി: കേന്ദ്രമന്ത്രി വി മുരളീധരനെതിരെ വീണ്ടും ടിപി സെന്‍കുമാര്‍. താന്‍ ബിജെപി പിന്തുണ തേടി ആരുടെ അടുത്തും പോയിട്ടില്ലെന്ന് സെന്‍കുമാര്‍ പറഞ്ഞു. എന്‍ഡിഎയുമായി സെന്‍കുമാറിന് ബന്ധമില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി നേതൃത്വം നല്‍കുന്ന ബിഡിജെഎസാണ് എന്‍ഡിഎയുടെ ഘടകക്ഷിയെന്ന് വി മുരളീധരന്‍ പറഞ്ഞിരുന്നു.

ശബരിമല പ്രശ്‌നത്തില്‍ തനിക്കെതിരെ 993 കേസുകള്‍ ഉണ്ട്. വി മുരളീധരനെതിരെ എത്ര കേസുകള്‍ ഉണ്ട്.  എന്‍ഡിഎ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെയുള്ളതുപോലെ സാമ്പത്തിക തട്ടിപ്പ് കേസുകളല്ലെന്നും ടിപി സെന്‍കുമാര്‍ പറഞ്ഞു.

സെന്‍കുമാറിന് പിന്തുണയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തുവന്നിരുന്ന. സെന്‍കുമാര്‍ രാഷ്ട്രീയക്കാരനല്ലെന്നും മറ്റ് പല മേഖലകളിലും കാര്യക്ഷമമായി ഇടപെടുന്നയാളാണെന്നുമായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്. സെന്‍കുമാര്‍ കേരളത്തില്‍ അംഗീകാരമുള്ളയാളാണ്. സെന്‍കുമാറിന്റെ സേവനം മെച്ചപ്പെട്ടതെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ വില നല്‍കുന്നുണ്ടെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

വി മുരളീധരന്‍ വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ച ശേഷമായിരുന്നു ടി പി സെന്‍കുമാറിനെയും സുഭാഷ് വാസുവിനെയും തള്ളിപ്പറഞ്ഞത്. എന്നാല്‍ അന്ന് തന്നെ മുരളീധരനെതിരെ സെന്‍കുമാര്‍ രംഗത്തെത്തിയിരുന്നു. ഏതായാലും താന്‍ എന്റെ കര്‍മ്മ മേഖലയില്‍ ഉണ്ടാകും. അതില്‍ ഇത്തരം പ്രസ്താവനകള്‍ ഒന്നും അല്ല.താന്‍ ബിജെപിയിലോ മറ്റേതെങ്കിലും എന്‍ഡിഎ കക്ഷികളിലോ അംഗമല്ല. ഇത് പലതവണ  വ്യക്തമാക്കിയതാണ്.

ഇപ്പോള്‍ ഹിന്ദു ഐക്യത്തിന്റെ മേഖലയില്‍ ആണ് എന്റെ പ്രവര്‍ത്തനം. അത് തല്‍ക്കാലം ബിജെപിയിലോ എന്‍ഡിഎയിലോ ചുരുക്കാന്‍ സാധ്യമല്ല എന്നും അദ്ദേഹം വ്യക്തമാക്കുന്നു.എസ്എന്‍ഡിപിയില്‍ അഴിമതി മാത്രം ഉള്ള നേതൃത്വം മാറി പുതിയ നേതൃത്വം വരേണ്ടത് ഗുരുദേവ നിയോഗം തന്നെ. അത് സനാതന ധര്‍മികളുടെ ഒരുമയ്ക്കും അത്യാവശ്യമാണെന്നുമായിരുന്നു സെന്‍കുമാര്‍ പറഞ്ഞത്.