തിരുവനന്തപുരം: സംസ്ഥാനത്ത് നാലു ജില്ലകളിൽ പകൽ താപനിലയിൽ ഇന്ന് മൂന്നു ഡിഗ്രി സെൽഷ്യസ് വരെ വർധനവുണ്ടാകാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് താപനില ഉയരുമെന്ന് മുന്നറിയിപ്പുള്ളത്. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
സൂര്യാതപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിന് എല്ലാവരും ജാഗ്രത പാലിക്കണം. രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്നുവരെ ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. ധാരാളമായി വെള്ളം കുടിക്കുകയും വെള്ളം കൈയിൽ കരുതുകയും വേണമെന്നും നിർദേശിച്ചിട്ടുണ്ട്.
നിർമാണ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, ട്രാഫിക് പൊലീസുകാർ, ഇരുചക്രവാഹന യാത്രക്കാർ തുടങ്ങിയവർ ആവശ്യമായ വിശ്രമം എടുക്കാനും ധാരാളമായി വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. വിദ്യാർഥികളുടെ പരീക്ഷാക്കാലമായതിനാൽ സ്കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേക ജാഗ്രത പുലർത്തണം. ക്ലാസ് മുറികളിൽ വായുസഞ്ചാരം ഉറപ്പാക്കാനും കുട്ടികൾക്ക് സ്കൂളിലും പരീക്ഷ ഹാളിലും ശുദ്ധജല ലഭ്യത ഉറപ്പുവരുത്താനും ശ്രദ്ധിക്കണമെന്നും അധികൃർ നിർദേശിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ