കുഞ്ഞിനെ കൊല്ലാന്‍ പ്രേരിപ്പിച്ചത് കാമുകന്‍; ശരണ്യയുടെ മൊഴിയില്‍ വിശ്വസിക്കാതെ പൊലീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th February 2020 09:12 PM  |  

Last Updated: 25th February 2020 09:12 PM  |   A+A-   |  

 

കണ്ണൂര്‍: തയ്യിലില്‍ പിഞ്ചുകുഞ്ഞിനെ കടല്‍ഭിത്തിയില്ലെറിഞ്ഞ് കൊന്ന കേസില്‍ അറസ്റ്റിലായ ശരണ്യ കാമുകനെതിരെ മൊഴി നല്‍കി. കുട്ടിയെ കൊല്ലാന്‍ പ്രേരിപ്പിച്ചത് കാമുകനെന്നാണ് ശരണ്യ പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ ശരണ്യയുടെ മൊഴി പൊലീസ് പൂര്‍ണ്ണമായി വിശ്വാസത്തില്‍ എടുത്തിട്ടില്ല. കാമുകനെതിരെ മൊഴി നല്‍കിയത് രക്ഷപ്പെടാനുള്ള തന്ത്രമാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. എങ്കിലും ശരണ്യയുടെ മൊഴിയില്‍ കഴമ്പുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ശരണ്യയുടെ കാമുകനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇയാള്‍ക്ക് കൃത്യത്തില്‍ പങ്കുള്ളതായി ഒരു സൂചനയും പൊലീസിന് കിട്ടിയിട്ടില്ല. പൊലീസ് കസ്റ്റഡിയില്‍ കഴിയുമ്പോഴും ശരണ്യയുടെ ഫോണിലേക്ക് കാമുകന്റെ ഫോണില്‍ നിന്ന് 17 മിസ്ഡ് കോളുകള്‍ വന്നതായി നേരത്തെ പുറത്തുവന്നിരുന്നു.

ഫെബ്രുവരി 17 ന് രാവിലെയാണ് തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ-പ്രണവ് ദമ്പതികളുടെ ഒന്നര വയസുള്ള മകന്‍ വിയാന്റെ മൃതദേഹം തയ്യില്‍ കടപ്പുറത്ത് കണ്ടെത്തിയത്. അടച്ചിട്ട വീട്ടില്‍ അച്ഛനൊപ്പം കിടന്നുറങ്ങിയ കുട്ടിയെ കടല്‍തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

കാമുകനൊപ്പം ജീവിക്കാനാണ് ശരണ്യ ഒന്നര വയസുളള മകനെ കൊലപ്പെടുത്തിയത്. ഭര്‍ത്താവുമായി അകന്ന് സ്വന്തം മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു ശരണ്യയുടെ താമസം. എന്നാല്‍ ഞായറാഴ്ച ഭര്‍ത്താവിനെ വിളിച്ചുവരുത്തി വീട്ടില്‍ താമസിച്ചു. പിറ്റേന്നു പുലര്‍ച്ചെയാണ് മകനെ കൊന്നത്. കുറ്റം ഭര്‍ത്താവിനുമേല്‍ ചുമത്തിയശേഷം കാമുകനൊപ്പം ജീവിക്കുകയായിരുന്നു ശരണ്യയുടെ പദ്ധതി.

പൊലീസ് ചോദ്യം ചെയ്യലില്‍ ഭര്‍ത്താവാണ് മകനെ കൊന്നതെന്നാണ് ശരണ്യ ആവര്‍ത്തിച്ചത്. എന്നാല്‍ ഫൊറന്‍സിക് പരിശോധനയില്‍ ശരണ്യ ധരിച്ച വസ്ത്രത്തില്‍ ഉപ്പുവെളളത്തിന്റെ സാന്നിധ്യമുണ്ടായിരുന്നതായി സ്ഥിരീകരിച്ചു. ശരണ്യയുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോള്‍ ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനെക്കുറിച്ച് വിവരം ലഭിച്ചു. തുടര്‍ന്നുളള ചോദ്യം ചെയ്യലിലാണ് ശരണ്യ കുറ്റം സമ്മതിച്ചത്.