രാത്രി ഒരു മണിക്ക് മദ്യപിക്കാന്‍ പണം ചോദിച്ചു ; തര്‍ക്കത്തിനിടെ അടിച്ച് നിലത്തിട്ട് വാക്കത്തി കൊണ്ട് തുരുതുരാ വെട്ടി ; ജ്യോത്സ്യന്റെ മൃതദേഹത്തില്‍ 28 മുറിവുകള്‍

ഞായറാഴ്ച വൈകിട്ട് മൂന്നരയോടെ മറയൂരില്‍ എത്തിയ മാരിയപ്പന്‍ വീട്ടിലേക്ക് പോകാതെ, സുഹൃത്ത് അന്‍പഴകന്റെ വീട്ടിലെത്തുകയായിരുന്നു
മാരിയപ്പന്‍, അറസ്റ്റിലായ മിഥുന്‍, അന്‍പഴകന്‍
മാരിയപ്പന്‍, അറസ്റ്റിലായ മിഥുന്‍, അന്‍പഴകന്‍

ഇടുക്കി : ഇടുക്കിയിലെ മറയൂരില്‍ വൃദ്ധന്റെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകത്തിന് കാരണം മദ്യത്തെ ചൊല്ലിയുള്ള തര്‍ക്കം.  മറയൂര്‍ ബാബുനഗറില്‍ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും നിലവിലെ പഞ്ചായത്ത് അംഗവുമായ ഉഷ തമ്പിദുരൈയുടെ പിതാവ്  മാരിയപ്പന്‍ (70) ആണ് കൊല്ലപ്പെട്ടത്.  മറയൂരിലെ വൈദ്യുതി ഓഫിസിന് സമീപം ചാക്കില്‍കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ എരുമേലി സ്വദേശിയും സുഹൃത്തും അറസ്റ്റിലായിരുന്നു.

മാരിയപ്പന്റെ സുഹൃത്ത് മറയൂര്‍ ബാബുനഗര്‍ സ്വദേശി അന്‍പഴകന്‍(65), എരുമേലി ശാന്തിപുരം സ്വദേശി ആലയില്‍ വീട്ടില്‍ മിഥുന്‍(26) എന്നിവരാണ് അറസ്റ്റിലായത്.  ജ്യോത്സ്യനായ മാരിയപ്പന്‍ തമിഴ്‌നാട്ടിലാണ് കൂടുതല്‍ സമയവും ചെലവഴിക്കുന്നത്. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെ മറയൂരില്‍ എത്തിയ മാരിയപ്പന്‍ വീട്ടിലേക്ക് പോകാതെ, സുഹൃത്ത് അന്‍പഴകന്റെ വീട്ടിലെത്തുകയായിരുന്നു. ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്ന തടിപ്പണിക്കാരനായ മിഥുനും ഈ സമയം ഉണ്ടായിരുന്നു. രാത്രി ഒന്‍പതോടെ മൂവരും ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷം ഉറങ്ങാന്‍ കിടന്നു.

രാത്രി ഒരു മണിക്ക് ഉണര്‍ന്ന മിഥുന്‍,  വീണ്ടും മദ്യപിക്കാന്‍ മാരിയപ്പനോട് പണം ആവശ്യപ്പെട്ടു.  എന്നാല്‍ പണം നല്‍കാത്തതിന്റെ പേരില്‍ മാരിയപ്പനുമായി  വഴക്കിട്ടു. തുടര്‍ന്നുണ്ടായ സംഘട്ടനത്തിലാണു മാരിയപ്പന്‍ കൊലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. കൈ കൊണ്ട് അടിച്ചു നിലത്തിട്ട ശേഷം സമീപത്തുണ്ടായിരുന്ന വാക്കത്തി ഉപയോഗിച്ച് വെട്ടിയും കുത്തിയും കൊല്ലുകയായിരുന്നു. മാരിയപ്പന്റെ ശരീരമാസകലം വെട്ടേറ്റ 28  മുറിവുകളുണ്ട്.  മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം, മൂന്നു മണിയോടെ ആണ് മാരിയപ്പന്റെ മൃതദേഹം മിഥുനും, അന്‍പഴകനും കൂടി വീടിന് 200 മീറ്റര്‍ അകലെ കെഎസ്ഇബി ഓഫിസിനു പിന്‍ഭാഗത്ത് ചാക്കില്‍ കെട്ടി ഉപേക്ഷിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com