‌നടിയെ ആക്രമിച്ച കേസ്: സാക്ഷിവിസ്താരം ഇന്ന് വീണ്ടും, ഇനി കോടതിയിലെത്തുക മഞ്ജുവും കുഞ്ചാക്കോ ബോബനും അടക്കമുള്ള താരനിര, കേസിൽ നിർണായകം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th February 2020 08:14 AM  |  

Last Updated: 26th February 2020 08:18 AM  |   A+A-   |  

dileep

 

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ സാക്ഷിവിസ്താരം ഇന്ന് പുനരാരംഭിക്കും. കഴിഞ്ഞയാഴ്ച നടന്ന സാക്ഷിവിസ്താരത്തിന്റെ തുടർച്ചയാണ് ഇന്ന് ആരംഭിക്കുന്നത്. കേസില്‍ നിര്‍ണായക സാക്ഷികളായ നടി മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും അടക്കമുള്ള താരങ്ങളാണ് വരും ദിനങ്ങളില്‍ കോടതിയില്‍ എത്തുക. നടിയുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്നവരും സിനിമാ രംഗത്തുള്ളവരുമായ ഗീതു മോഹന്‍ദാസ് സംയുക്ത വര്‍മ്മ എന്നിവരും ഈ ദിവസങ്ങളില്‍ കോടതിയില്‍ മൊഴി നല്‍കാനെത്തും.

മഞ്ജു വാര്യർ, സിദ്ദിഖ്, ബിന്ദു പണിക്കർ എന്നിവര്‍ നാളെയും ഗീതു മോഹൻ ദാസ്, സംയുക്ത വർമ്മ, കുഞ്ചാക്കോ ബോബൻ എന്നിവര്‍ 28നും മൊഴി നൽകാൻ എത്തും. 29-ാം തിയതി ശനിയാഴ്ച ശ്രീകുമാർ മേനോനും അടുത്ത മാസം 4ന് റിമി ടോമിയും മൊഴി നൽകാൻ എത്തും. പ്രതി ദിലീപിനെതിരായ ഗൂഢാലോചനാക്കുറ്റം തെളിയിക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ മൊഴി രേഖപ്പെടുത്തുന്നത്.

കേസിലെ മുഖ്യപ്രതിയായ സുനിൽകുമാർ എന്ന പൾസർ സുനി കുറ്റകൃത്യത്തിനുശേഷം കോയമ്പത്തൂരിൽ തങ്ങിയ താവളത്തിനുസമീപത്തെ നാലുപേരെയാണ് കോടതി കഴിഞ്ഞയാഴ്ച വിസ്തരിച്ചത്. ഇവർ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. ഇതിനുപുറമേ സുനിയുടെ കൂട്ടുപ്രതി മണികണ്ഠനെ മറ്റ് ചില സാക്ഷികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. മണികണ്ഠൻ മൊബൈൽഫോൺ വാങ്ങിയ കടക്കാരൻ, സ്വർണമാല പണയപ്പെടുത്തിയ ധനകാര്യസ്ഥാപനത്തിന്റെ ഉടമ എന്നിവരാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇവർക്കൊപ്പം നിർണായകസാക്ഷിയായ അഭിഭാഷകനെയും കോടതി കഴിഞ്ഞയാഴ്ച വിസ്തരിച്ചിരുന്നു. പൾസർ സുനി ഏൽപ്പിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ്, മൊബൈൽ ഫോൺ എന്നിവ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച അഭിഭാഷകനെയാണ്‌ വിസ്തരിച്ചത്.

2017 ഫെബ്രുവരി 17-നാണു പ്രതികൾ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവം നടന്നത്.