'അപമാനിക്കാൻ ശ്രമം; നിരപരാധിത്വം തെളിയിക്കും'; ലോക്കർ പരിശോധനയ്ക്ക് പിന്നാലെ വിഎസ് ശിവകുമാർ

അനധികൃത സ്വത്ത് സമ്പാദന കേസിലെ അന്വേഷണത്തിന്റെ ഭാഗമായി ബാങ്ക് ലോക്കര്‍ പരിശോധിച്ചതിനെപ്പറ്റി പ്രതികരണവുമായി മുൻ മന്ത്രി വിഎസ് ശിവകുമാർ
'അപമാനിക്കാൻ ശ്രമം; നിരപരാധിത്വം തെളിയിക്കും'; ലോക്കർ പരിശോധനയ്ക്ക് പിന്നാലെ വിഎസ് ശിവകുമാർ

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിലെ അന്വേഷണത്തിന്റെ ഭാഗമായി ബാങ്ക് ലോക്കര്‍ പരിശോധിച്ചതിനെപ്പറ്റി പ്രതികരണവുമായി മുൻ മന്ത്രി വിഎസ് ശിവകുമാർ. പൊതു പ്രവര്‍ത്തകനെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ശിവകുമാര്‍ പ്രതികരിച്ചു.

ലോക്കറിന്റെ താക്കോൽ വിജിലന്‍സിന് നല്‍കാതിരുന്നത് മനഃപൂര്‍വമാണെന്നത് വ്യാജ പ്രാചരണമാണ്. ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത് ശരിയല്ല, അതിനെതിരെ ശക്തമായി മുന്നോട്ടു പോകുമെന്നും ശിവകുമാര്‍ പറഞ്ഞു. ചില നിഗൂഢ ലക്ഷ്യങ്ങള്‍ വെച്ച് തനിക്ക് ജനങ്ങള്‍ക്കിടയിലുള്ള പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കേസില്‍ നിരപരാധിത്വം തെളിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിജിലന്‍സ് നിര്‍ദേശപ്രകാരം ബുധനാഴ്ച ബാങ്ക് അധികൃതര്‍ ശിവകുമാറിന്റെ ലോക്കര്‍ തുറന്നു കൊടുത്തിരുന്നു. താക്കോല്‍ നഷ്ടമായെന്ന ശിവകുമാറിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ലോക്കര്‍ പൊളിച്ചാണ് വിജിലന്‍സ് പരിശോധന നടത്തിയത്. ലോക്കര്‍ ശൂന്യമാക്കിയത് സംബന്ധിച്ച് വിജിലന്‍സ് വിശദമായി അന്വേഷിക്കും.  

അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ശിവകുമാറിന്റെ ലോക്കര്‍ തുറന്നു പരിശോധിച്ചെങ്കിലും വിജിലന്‍സിന് ഒന്നും കണ്ടെത്താനായിരുന്നില്ല. വഴുതക്കാട്ടെ ബാങ്കിലെത്തിയാണ് വിജിലന്‍സ് സംഘം ലോക്കര്‍ പരിശോധിച്ചത്. കഴിഞ്ഞ ദിവസം ശിവകുമാറിന്റെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. ഇതിനിടെ  ലോക്കറിന്റെ താക്കോല്‍ ചോദിച്ചെങ്കിലും കാണാനില്ലെന്നായിരുന്നു മറുപടി. ഇതില്‍ സംശയം തോന്നിയാണ് വിജിലന്‍സ് സംഘം ലോക്കര്‍ തുറന്നു പരിശോധിച്ചത്. ശിവകുമാറിന്റെ ഭാര്യയുടെ പേരിലാണ് ലോക്കര്‍.

നേരത്തെ ഇടപാടുകള്‍ നടത്തരുതെന്ന് ചൂണ്ടാക്കാണിച്ച് വിജിലന്‍സ് ശിവകുമാറിന് കത്ത് നല്‍കിയിരുന്നു. താക്കോല്‍ ഇല്ലാത്തതിനാല്‍ ബാങ്ക് തന്നെ പ്രത്യേക സംവിധാനമൊരുക്കിയാണ് ലോക്കര്‍ തുറക്കാന്‍ സൗകര്യമൊരുക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com