'ഇത് കേരളമാണ്, ഇവിടെ ചോദിക്കാനും പറയാനും ആളുണ്ട്; ഡല്‍ഹിയെ കണ്ട് പിണറായിയോട് പഠിക്കാന്‍ പറഞ്ഞവര്‍ക്കാണ് തെറ്റിയത്'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th February 2020 01:30 PM  |  

Last Updated: 26th February 2020 01:30 PM  |   A+A-   |  

 

കേരളത്തില്‍ മതവിദ്വേഷം പ്രചരിപ്പിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ഒരാളെയും അനുവദിക്കില്ലെന്ന് മന്ത്രി കെ ടി ജലീല്‍. വര്‍ഗീയ പ്രചാരണം നടത്തിയതിന് സംഘപരിവാര്‍ പ്രവര്‍ത്തകന്‍ ശ്രീജിത് രവീന്ദ്രനെ അറസ്റ്റ് ചെയ്ത വിവരം പങ്കുവച്ചുകൊണ്ടാണ് മന്ത്രി ഇത് പറഞ്ഞത്. 'ഇത് ഡല്‍ഹിയോ യു.പിയോ മധ്യപ്രദേശോ രാജസ്ഥാനോ അല്ല, ഇടതുപക്ഷം ഭരിക്കുന്ന കേരളമാണ്. ഇവിടെ ചോദിക്കാനും പറയാനും ഉണര്‍ന്ന് പ്രവര്‍ത്തിക്കാനും ഒരു ഭരണകൂടമുണ്ട്. ഒരു നായകനുണ്ട്.'- അദ്ദേഹം പറഞ്ഞു. 

ഡല്‍ഹി കലാപത്തില്‍ നടക്കുന്ന അക്രമങ്ങളെ പ്രകീര്‍ത്തിച്ചും മുസ്ലിം സമുദായത്തിനെ അധിക്ഷേപിച്ച് വര്‍ഗീയ പരാമര്‍ശം നടത്തുകയും ചെയ്ത സംഘപരിവാര്‍ പ്രവര്‍ത്തകനെ അഗളി പൊലീസാണ് അറസ്റ്റ് ചെയ്തത്. ട്രംപ് പോയിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്കുള്ള മരുന്ന വെച്ചിട്ടുണ്ടെന്നായിരുന്നു മുസ്ലിം വിഭാഗത്തെ അസഭ്യ വര്‍ഷം ചൊരിഞ്ഞ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്. 

കെ ടി ജലീലിന്റെ കുറിപ്പ്: 

ഇത് കേരളമാണ്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായ കേരളം. സര്‍ക്കാരിന്റെ ഉറപ്പ് പാലിക്കപ്പെടുക തന്നെചെയ്യും. ഡല്‍ഹിയെ കണ്ട് പിണറായിയോട് പഠിക്കാന്‍ പറഞ്ഞവര്‍ക്കാണ് തെറ്റിയത്. ഒരാളെയും കൈവിടില്ല സര്‍ക്കാര്‍. തേനില്‍ പൊതിഞ്ഞ വിഷവുമായി കുളംകലക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന സമുദായപ്പാര്‍ട്ടികളെയും വിടുവായത്തം പറയുന്ന അവയുടെ നേതാക്കളെയും വിശ്വസിച്ചിറങ്ങി എന്തെങ്കിലും സംഭവിച്ചാല്‍ അവരാരും രക്ഷക്കെത്തില്ല. കേരളത്തില്‍ സമുദായ സ്പര്‍ദ്ദ വളര്‍ത്താന്‍ ശ്രമിച്ച ശ്രീജിത് രവീന്ദ്രനെന്ന യുവാവിനെ IPC 153 (അ) വകുപ്പ് പ്രകാരം അഗളി പോലീസ് അറസ്റ്റ് ചെയ്തു. മുക്കാലി DYFI യൂണിറ്റ് സെക്രട്ടറിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. അധികം വൈകാതെ പ്രതിയെ കോടതിയില്‍ ഹാജരാക്കും. കോടതിയാണ് റിമാന്‍ഡ് തീരുമാനിക്കേണ്ടത്. മതവിദ്വേഷം പ്രചരിപ്പിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ഒരാളെയും അനുവദിക്കല്ല. ഇത് ഡല്‍ഹിയോ യു.പിയോ മധ്യപ്രദേശോ രാജസ്ഥാനോ അല്ല, ഇടതുപക്ഷം ഭരിക്കുന്ന കേരളമാണ്. ഇവിടെ ചോദിക്കാനും പറയാനും ഉണര്‍ന്ന് പ്രവര്‍ത്തിക്കാനും ഒരു ഭരണകൂടമുണ്ട്. ഒരു നായകനുണ്ട്.