'നിങ്ങള്‍ക്കറിയുമോ സര്‍? ഇപ്പോള്‍ കണ്ട പായുന്ന ആള്‍ക്കൂട്ടത്തിന്റെ ദൃശ്യമുണ്ടല്ലോ, അതിലെ ഒരു കുട്ടി ഞാനാണ്'; കൂട്ടക്കൊലകളുടെ ചോരമണം മാറാത്ത ദില്ലി, അന്‍വര്‍ അലിയുടെ ഓര്‍മ്മക്കുറിപ്പ്

കൂട്ടക്കൊലകളുടെ ചോരമണം മാറാത്ത ചരിത്രനഗരമാണ് ദില്ലി. 
'നിങ്ങള്‍ക്കറിയുമോ സര്‍? ഇപ്പോള്‍ കണ്ട പായുന്ന ആള്‍ക്കൂട്ടത്തിന്റെ ദൃശ്യമുണ്ടല്ലോ, അതിലെ ഒരു കുട്ടി ഞാനാണ്'; കൂട്ടക്കൊലകളുടെ ചോരമണം മാറാത്ത ദില്ലി, അന്‍വര്‍ അലിയുടെ ഓര്‍മ്മക്കുറിപ്പ്

രാജ്യ തലസ്ഥാനം കലാപത്തീയില്‍ വെന്തെരിയുകയാണ്. 20പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 180ഓളം പേര്‍ക്ക് പരിക്കേറ്റു. നിരവധിപേരാണ് അക്രമങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ നഗരത്തില്‍ നിന്ന് പലായനം ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഈ അവസരത്തില്‍ കൂട്ടക്കൊലകളുടെ ചോരമണം മാറാത്ത ചരിത്രനഗരമാണ് ദില്ലിയെന്ന് ഓര്‍മ്മ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സാഹിത്യകാരന്‍ അന്‍വര്‍ അലി. 

'കൂട്ടക്കൊലകളുടെ ചോരമണം മാറാത്ത ചരിത്രനഗരമാണ് ദില്ലി. വിഭജനകാലത്തിന്റെ പൊറ്റപിടിച്ച ഓര്‍മ്മകള്‍ക്കടിയില്‍ ചിലപൊറുക്കാവ്രണങ്ങള്‍ ഉണ്ടെന്ന് ശരിക്കും തിരിഞ്ഞത് 1998 -99 കാലത്ത് ദില്ലിയിലെ ഗലികളില്‍ താമസിച്ചപ്പോള്‍. അന്നത്തെ ഒറ്റയ്ക്കു നടപ്പുകള്‍ക്കിടയില്‍ അറിയാതെ പൊന്തിയ ഒരു വരി 'ചോരപ്പശിമയിലിടതൂര്‍ന്നു നിവര്‍ന്ന മരുന്നറകള്‍...'. ദില്ലിയില്‍ വണ്ടിയിറങ്ങുമ്പോഴെല്ലാം ആ വരി നായ പോലെ ഉള്ളില്‍ ഓളിയിടും.'- അന്‍വര്‍ അലി കുറിപ്പില്‍ പറയുന്നു. 

അന്‍വര്‍ അലിയുടെ കുറിപ്പ് വായിക്കാം: 

2019 മേയ് മാസത്തില്‍, ഒരു വാട്ട്‌സ്ആപ് ഗ്രൂപ്പില്‍ ദില്ലി എന്ന പ്രിയനഗരത്തെക്കുറിച്ച് യാദൃച്ഛികമായി എഴുതിയ ഒരു കുറിപ്പ് ഇപ്പോള്‍ ഇവിടെ ഇടാന്‍ തോന്നുന്നു.
......

എന്റെ ദില്ലി
(മേയ് 24, 2019)

കൂട്ടക്കൊലകളുടെ ചോരമണം മാറാത്ത ചരിത്രനഗരമാണ് ദില്ലി. വിഭജനകാലത്തിന്റെ പൊറ്റപിടിച്ച ഓര്‍മ്മകള്‍ക്കടിയില്‍ ചിലപൊറുക്കാവ്രണങ്ങള്‍ ഉണ്ടെന്ന് ശരിക്കും തിരിഞ്ഞത് 1998  99 കാലത്ത് ദില്ലിയിലെ ഗലികളില്‍ താമസിച്ചപ്പോള്‍. അന്നത്തെ ഒറ്റയ്ക്കു നടപ്പുകള്‍ക്കിടയില്‍ അറിയാതെ പൊന്തിയ ഒരു വരി 'ചോരപ്പശിമയിലിടതൂര്‍ന്നു നിവര്‍ന്ന മരുന്നറകള്‍...'. ദില്ലിയില്‍ വണ്ടിയിറങ്ങുമ്പോഴെല്ലാം ആ വരി നായ പോലെ ഉള്ളില്‍ ഓളിയിടും.

ഒരിക്കല്‍ മാക്‌സ്മുളളര്‍ ഭവനില്‍ ഒരു ഡോക്യു വര്‍ക്ക്‌ഷോപ്പില്‍ യാദൃശ്ചികമായി പങ്കെടുത്തു. നെഹ്‌റു ഗാന്ധി Dynasty യെക്കുറിച്ച് ബി.ബി.സി. നിര്‍മ്മിച്ചഡോക്യുമെന്ററിയുടെ പ്രദര്‍ശനശേഷമുള്ള ചര്‍ച്ച നടക്കുകയാണ്. വര്‍ക്ക്‌ഷോപ്പ് നയിച്ച ജര്‍മ്മന്‍ ക്രിട്ടിക് വിഭജനകാലത്തെ പക്ഷപാതരഹിതമായി വിശദീകരിക്കുകയായിരുന്നു. പെട്ടെന്ന്, ഉടലാസകലം ക്ഷോഭസങ്കടങ്ങളോടെ എഴുന്നേറ്റു നിന്ന് ഒരു വയോവൃദ്ധന്‍ അലറി: ' നിങ്ങള്‍ക്കറിയുമോ സര്‍ നിങ്ങള്‍ ഇപ്പോള്‍ കണ്ട ലഹോറിലെ പായുന്ന ആള്‍ക്കൂട്ടത്തിന്റെ ദൃശ്യമുണ്ടല്ലോ, അതിലെ ഒരു കുട്ടി ഞാനാണ്. ഒപ്പം ഓടുന്നവര്‍ എന്റെ അച്ഛനമ്മമാരാണ്. ആ ദൃശ്യത്തിനടുത്താണ് നിറയെ മുറികളുള്ള ഞങ്ങളുടെ വീട്. ' അയാള്‍ ഒരു കുഞ്ഞിനെപ്പോലെ കരയാന്‍ തുടങ്ങി. അടുത്തിരുന്ന ഒരു വയോവൃദ്ധ, ഭാര്യയായിരിക്കണം, അയാളെ വലിച്ച് കസേരയിലിരുത്തി. അവരിരുവരും കരച്ചിലിനെക്കാള്‍ ദയനീയമായ രണ്ടു പുഞ്ചിരികളാല്‍ തമ്മില്‍ നോക്കി നോക്കി മൗനത്തിലേക്ക് സമരസപ്പെടുന്നതു കണ്ട് തൊട്ടുപിന്നിലാണ് ഞാനിരുന്നത്. ചായയ്ക്ക് പിരിഞ്ഞപ്പൊ പോയി മുട്ടി. പ്രതീക്ഷിച്ച പോലെ പഞ്ചാബി ഹിന്ദുവിന്റെ ഉണങ്ങാമുറിവുകളായിരുന്നു രണ്ടുപേരും. അദ്ദേഹം അത്യാവശ്യം വായനയൊക്കെയുള്ളയാള്‍. മുസ്ലീം പേരുള്ള എന്നോട് പതിവ് 'പഞ്ചാബിഹിന്ദു' അകലമില്ലാതെ ഇരുവരും സംസാരിച്ചു. ഞാന്‍ അദ്ദേഹത്തോട് ഹബീബ് തന്‍വീറിന്റെ ചരണ്‍ ദാസ് ചോര്‍ എന്ന നാടകത്തെക്കുറിച്ചു സൂചിപ്പിച്ചു. വിഭജനകാലത്ത്, പഞ്ചാബിന്റെ പാകിസ്ഥാന്‍ കഷണത്തിലൊരിടത്ത് ഒരു വീട്ടില്‍ ഒറ്റപ്പെട്ടു പോയ ഹിന്ദുവായ വൃദ്ധനെ പുതിയ മുസ്ലീം താമസക്കാര്‍ സംരക്ഷിച്ചതിന്റെ കഥയാണ് ചരണ്‍ ദാസ് ചോര്‍. അദ്ദേഹം അത് വായിക്കാമെന്നും പക്ഷേ, നാട്ടില്‍ നിന്ന് ഓടിച്ചവരോട് മരിക്കും വരെ പൊറുക്കാനാവില്ലെന്നും....

ഇരുവരും മരിച്ചിട്ടുണ്ടാവും. വിഭജനത്തിന്റെ ഇരകളെങ്കിലും മുസ്ലീങ്ങള്‍ അവര്‍ക്ക് ശത്രുവായിരുന്നില്ല. പക്ഷേ അവരുടെ മക്കളും ചെറുമക്കളും ഹിന്ദുത്വ രാഷ്ട്രവാദത്തിന്റെ വോട്ട് ബാങ്കിലെ ചില്ലറത്തുട്ടുകളായി വളര്‍ന്ന് വലിയ കറന്‍സികളായി മാറിയിട്ടുണ്ടാവാം. അതിനാണ് സാധ്യത കൂടുതല്‍.

പുരാണക് കിലയിലെ  പലകാലദില്ലികളിലെയും  കരിങ്കല്‍ക്കെട്ടുകള്‍ക്കിടയിലും കാണും ഖബറടങ്ങിയ നിലവിളികളുടെ നിരവധി ആത്മാക്കള്‍. പ്രകാശിതീതവേഗത്തില്‍ പിന്നിലേക്ക് സഞ്ചരിപ്പിക്കുന്ന ഉടായിപ്പ് നിലവില്‍ വന്നിരുന്നെങ്കില്‍, നമക്ക് അതുങ്ങടെ നിലവിളിമീറ്ററിലും പാട്ടും കവിതയുമൊക്കെ എഴുതാമായിരുന്നു, അല്ലേ?

എന്തുവന്നാലും, വിസയെടുത്തു പോവേണ്ടി വന്നാലും ശരി, ദില്ലി എന്റെ പ്രിയനഗരം. എന്ത് റിസ്‌കെടുത്തും ഞാന്‍ പോവും. സഫ്ദര്‍ജംഗ് പാര്‍ക്കിലെ തണലുകളില്‍ ഉമ്മ വച്ചിരിക്കുന്ന ഗ്രീഷ്മയൗവ്വനങ്ങള്‍ക്കിടയില്‍, സൂഫിശീലുകള്‍ കടലപ്പൊതിയാക്കി വിറ്റു നടക്കും... ങാ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com