അവളെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല, വ്യാജ പ്രചാരണം നടത്തരുത്; ദേവനന്ദയ്ക്കായി വ്യാപക തിരച്ചില്‍, അന്വേഷണത്തിന് പ്രത്യേക സംഘം

കൊല്ലത്ത് നിന്ന് കാണാതായ ആറുവയസ്സുകാരിക്കായി വ്യാപക തിരച്ചില്‍
അവളെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല, വ്യാജ പ്രചാരണം നടത്തരുത്; ദേവനന്ദയ്ക്കായി വ്യാപക തിരച്ചില്‍, അന്വേഷണത്തിന് പ്രത്യേക സംഘം

കൊല്ലം: കൊല്ലത്ത് നിന്ന് കാണാതായ ആറുവയസ്സുകാരി ദേവനന്ദയ്ക്കായി വ്യാപക തിരച്ചില്‍. കുട്ടിയെ കണ്ടെത്താന്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അന്വേഷണത്തിനായി ചാത്തന്നൂര്‍ എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയമിച്ചു. പൊലീസിന് പുറമേ സൈബര്‍ വിദഗ്ധരും സംഘത്തിലുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്‌റ്റേഷനുകള്‍ക്കും സന്ദേശം കൈമാറി. ജില്ലാ, സംസ്ഥാന അതിര്‍ത്തികളില്‍ പൊലീസ് പരിശോധന ശക്തമാക്കി. ബസ് സ്റ്റാന്റുകളിലും റെയില്‍വെ സ്റ്റേഷനുകളിലും തിരച്ചില്‍ തുടരുകയാണ്. വിഷയത്തില്‍ ബാലാവകാശ കമ്മീഷണ്‍ സ്വമേധയാ കേസെടുത്തു. പൊലീസ് മേധാവിയോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

വ്യാഴാഴ്ച രാവിലെ 10.15 ഓടെയാണ് ഇളവൂരിലെ പ്രദീപ്-ധന്യ ദമ്പതിമാരുടെ മകള്‍ ദേവനന്ദയെ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ കാണാതായത്.  
സംഭവസമയം കുട്ടിയുടെ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന് പുറകില്‍ തുണി അലക്കുകയായിരുന്ന ഇവര്‍ കുറച്ചുസമയത്തേക്ക് മകളുടെ ശബ്ദമൊന്നും കേള്‍ക്കാതായതോടെയാണ് വീടിന്റെ മുന്‍വശത്ത് എത്തിയത്. ഈ സമയം വീടിന്റെ വാതില്‍ തുറന്നുകിടക്കുന്നനിലയിലുമായിരുന്നു. തുടര്‍ന്ന് വീടിനകത്തെല്ലാം പരിശോധിച്ചെങ്കിലും മകളെ കണ്ടില്ല. ഇതോടെയാണ് ധന്യ ബഹളംവെച്ച് നാട്ടുകാരെ വിവരമറിയിച്ചത്.

കുട്ടിയെ കാണാനില്ലെന്ന വിവരമറിഞ്ഞതോടെ പൊലീസും നാട്ടുകാരും പ്രദേശത്ത് വിശദമായ അന്വേഷണം നടത്തി. വീടിന്റെ നൂറുമീറ്റര്‍ അകലെ പുഴയുള്ളതിനാല്‍ കുട്ടി പുഴയില്‍ വീണിരിക്കാമെന്നും സംശയമുയര്‍ന്നു. ഇതേത്തുടര്‍ന്ന് അഗ്‌നിരക്ഷാ സേനയെത്തി പുഴയിലും തിരച്ചില്‍ നടത്തി.

ഇതിനിടെ, പൊലീസ് ഡോഗ് സ്‌ക്വാഡിനെയും സ്ഥലത്തെത്തിച്ച് തിരച്ചില്‍ നടത്തി. പ്രദീപിന്റെ വീട്ടില്‍നിന്ന് മണംപിടിച്ച പൊലീസ് നായ പുഴയുടെ കുറുകെയുള്ള ബണ്ട് കടന്ന് വള്ളക്കടവ് വരെ ഓടി തിരിച്ചുമടങ്ങി. ഈ ഭാഗത്തും പൊലീസ് വിശദമായ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

അതേസമയം, കുട്ടിയെ തിരിച്ചുകിട്ടി എന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നുണ്ട്. കുട്ടിയെ കണ്ടെത്താന്‍ സഹായം ആവശ്യപ്പെട്ട് സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. എന്നാല്‍ ഇതിന് ശേഷവും കുട്ടിയെ കണ്ടെത്തി എന്ന തരത്തില്‍ പ്രചാരണം നടക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com