എറണാകുളം മെഡിക്കല്‍ കോളജിലുളള പയ്യന്നൂര്‍ സ്വദേശിക്ക് കൊറോണയില്ല

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 28th February 2020 10:55 PM  |  

Last Updated: 28th February 2020 10:55 PM  |   A+A-   |  

corona

 

കൊച്ചി: എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിനു കൊറോണ വൈറസ് ബാധയില്ല. മലേഷ്യയില്‍ നിന്നെത്തിയ പയ്യന്നൂര്‍ സ്വദേശിയായ മുപ്പത്തിയാറുകാരനാണു ചികിത്സയില്‍ കഴിയുന്നത്. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ പരിശോധനയില്‍ വൈറസ് ബാധയില്ലെന്നു സ്ഥിരീകരിച്ചു.

രണ്ടര വര്‍ഷമായി മലേഷ്യയില്‍ ജോലി ചെയ്യുകയാണ് യുവാവ്. ഇന്നലെ പുലര്‍ച്ചെ ഒന്നിനു നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയപ്പോള്‍ നടത്തിയ പരിശോധനയില്‍ കടുത്ത പനി കണ്ടെത്തിയതിനാല്‍ മെഡിക്കല്‍ കോളജിലെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു. യുവാവിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് ആര്‍എംഒ ഡോ. ഗണേഷ് മോഹന്‍ അറിയിച്ചു. കടുത്ത പനിയും ജലദോഷവും ശ്വാസതടസ്സവുമുള്ള നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. 

പരിശോധനയില്‍ യുവാവിന്റെ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതലായതിനെ തുടര്‍ന്ന് കീറ്റോഅസിഡോസിസ് എന്ന രോഗാവസ്ഥയുള്ളതായി കണ്ടെത്തി. ന്യുമോണിയ ശ്വാസകോശത്തെ ബാധിച്ചതിനാല്‍ ഗുരുതരാവസ്ഥയിലാണെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. മെഡിസിന്‍ വിഭാഗത്തിലെ ഡോ. ജില്‍സ് ജോര്‍ജ്, ഡോ. ജേക്കബ് കെ. ജേക്കബ് എന്നിവരാണു ചികിത്സയ്ക്കു നേതൃത്വം നല്‍കുന്നത്. സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കലക്ടര്‍ എസ്. സുഹാസിന്റെ നേതൃത്വത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ യോഗം ചേര്‍ന്നു. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചതായി കലക്ടര്‍ അറിയിച്ചു.