പാൽ വില കുത്തനെ കൂട്ടാനൊരുങ്ങി മിൽമ; ലിറ്ററിന് ആറ് രൂപ വരെ വർധിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th February 2020 09:00 AM  |  

Last Updated: 29th February 2020 09:00 AM  |   A+A-   |  

milma

 

കൊച്ചി: പാലിന്റെ വില കുത്തനെ വർധിപ്പിക്കാനൊരുങ്ങി മിൽമ. പാല്‍ വില ലിറ്ററിന് ആറ് രൂപ വരെ വര്‍ധിപ്പിക്കണമെന്ന് മേഖലാ യൂണിയനുകള്‍ മില്‍മക്ക് ശുപാര്‍ശ നല്‍കി. വില വര്‍ധന ചര്‍ച്ച ചെയ്യാനുള്ള നിര്‍ണായക യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. അതേസമയം വില വര്‍ധപ്പിക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പുണ്ട്.

ക്ഷീര കര്‍ഷകര്‍ക്കായി ഓണത്തിന് മുന്‍പ് ലിറ്ററിന് നാല് രൂപ മ‌ിൽമ വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആറ് രൂപയാക്കാനുള്ള ശ്രമം നടത്തുന്നത്. കാലിത്തീറ്റയുടെ വില കൂടിയതും വേനല്‍ക്കാലത്ത് പാലിന് ക്ഷാമം നേരിടുന്നതും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പാല്‍ ഇറക്കുമതി ചെയ്യുന്നതും ചൂണ്ടിക്കാട്ടിയാണ് വില വര്‍ധനക്ക് ലക്ഷ്യമിടുന്നത്.

ആറ് രൂപ വീതം കൂട്ടാന്‍ തിരുവനന്തപുരം എറണാകുളം മേഖല യൂണിയനുകള്‍ മില്‍മയോട് ശുപാര്‍ശ ചെയ്തു. വില കൂട്ടിയില്ലെങ്കില്‍ കര്‍ഷകര്‍ക്ക് പിടിച്ചു നില്‍ക്കാനാവില്ലെന്നാണ് മില്‍മയുടെ നിലപാട്. വേനല്‍ക്കാലമായതിനാല്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് പാല്‍ ഇറക്കുമതി ചെയ്യേണ്ട സാഹചര്യമാണ്. അവിടെ അടുത്തിടെയുണ്ടായ വില വര്‍ധന കാരണം അധികം വില കൊടുത്ത് പാല്‍ ഇറക്കുമതി ചെയ്യണം.

എന്നാല്‍ വില കൂട്ടുന്ന കാര്യം മില്‍മ സര്‍ക്കാരിനെ അറിയിച്ചിട്ടില്ല. ശുപാര്‍ശ വന്നാലും അതിന് അനുമതി കൊടുക്കുന്ന കാര്യം സംശയമാണെന്ന് മന്ത്രി കെ രാജു പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതിനകം രണ്ട് തവണ വില കൂട്ടി. ഇനി ഒരു തവണ കൂടി കൂട്ടുന്നത്  തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.