ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിയുള്ള വിജിലന്‍സ് അപേക്ഷ : ഗവര്‍ണര്‍ എജിയുടെ നിയമോപദേശം തേടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st January 2020 11:20 AM  |  

Last Updated: 01st January 2020 11:20 AM  |   A+A-   |  

palarivattam

 

തിരുവനന്തപുരം : പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള വിജിലന്‍സ് അപേക്ഷയില്‍ ഗവര്‍ണര്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടി. രാജ്ഭവനിലെത്തി കാണാനാണ് ഗവര്‍ണര്‍ നിര്‍ദേശിച്ചത്. മൂന്ന് മാസമായിട്ടും വിജിലന്‍സിന്റെ അപേക്ഷയില്‍ തീരുമാനമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഗവര്‍ണറുടെ നീക്കം.


പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ വിജിലന്‍സിന് തെളിവ് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇബ്രാഹിംകുഞ്ഞിനെ കൂടി കേസില്‍ പ്രതിചേര്‍ത്ത് അന്വേഷണം നടത്തണമെന്ന് വിജിലന്‍സ് സംഘം നിഗമനത്തിലെത്തി. ഇതിനായി പ്രോസിക്യൂഷന്‍ അനുമതി തേടിക്കൊണ്ട് വിജിലന്‍സ് സംഘം സര്‍ക്കാരിന് കത്തു നല്‍കിയിരുന്നു. മൂന്നുമാസം മുമ്പാണ് കത്തു നല്‍കിയത്.

ഇബ്രാഹിംകുഞ്ഞ് നിലവില്‍ എംഎല്‍എയായതിനാല്‍ വിജിലന്‍സിന്റെ അപേക്ഷയില്‍ തീരുമാനം എടുക്കാന്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു. ഇതേത്തുടര്‍ന്ന് മൂന്നുപ്രാവശ്യം ഗവര്‍ണറുടെ ഓഫീസ് ചില വിശദാംശങ്ങള്‍ സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. എന്നാല്‍ മൂന്നുമാസമായിട്ടും വിജിലന്‍സിന്‍രെ അപേക്ഷയില്‍ അന്തിമതീരുമാനം ഉണ്ടാകാത്തത് വന്‍വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഹൈേക്കാടതിയും വിജിലന്‍സ് അപേക്ഷയില്‍ എന്താണ് തീരുമാനമെന്ന് സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു.

ഈ സാഹചര്യത്തിലാണ് വിജിലന്‍സിന്റെ അപേക്ഷയില്‍ അന്തിമ തീരുമാനം കൈക്കൊള്ളാന്‍ ഗവര്‍ണറുടെ ഓഫീസ് നീക്കമാരംഭിച്ചത്. എജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അടുത്ത ആഴ്ചയോടെ ഇക്കാര്യത്തില്‍ ഗവര്‍ണര്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് സൂചന. പാലാരിവട്ടം അഴിമതിക്കേസില്‍ ഗവര്‍ണറുടെ തീരുമാനം വി കെ ഇബ്രാഹിംകുഞ്ഞിന് നിര്‍ണ്ണായകമാണ്.