സമകാലിക മലയാളം വാരിക സാമൂഹ്യസേവന പുരസ്‌കാരം ഡോ. വൈ എസ് മോഹന്‍കുമാറിന്

കാസര്‍കോട്ടെ കശുമാവിന്‍തോട്ടങ്ങളില്‍ എന്‍ഡോള്‍ഫാന്‍ ഉപയോഗം മൂലമുണ്ടായ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ജനശ്രദ്ധയിലേക്കെത്തിച്ച വ്യക്തികളിലൊരാളാണ്  എത്തടുക്ക സ്വദേശിയായ മോഹന്‍കുമാര്‍
സമകാലിക മലയാളം വാരിക സാമൂഹ്യസേവന പുരസ്‌കാരം ഡോ. വൈ എസ് മോഹന്‍കുമാറിന്

കൊച്ചി: സമകാലിക മലയാളം വാരികയുടെ 2019ലെ സാമൂഹ്യസേവന പുരസ്‌കാരം ജനകീയ ഡോക്ടറായ ഡോ. വൈ എസ് മോഹന്‍കുമാറിന്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. കാസര്‍കോട്ടെ കശുമാവിന്‍തോട്ടങ്ങളില്‍ എന്‍ഡോള്‍ഫാന്‍ ഉപയോഗം മൂലമുണ്ടായ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ജനശ്രദ്ധയിലേക്കെത്തിച്ച വ്യക്തികളിലൊരാളാണ്  എത്തടുക്ക സ്വദേശിയായ മോഹന്‍കുമാര്‍.

36 വര്‍ഷം പിന്നിട്ട വൈദ്യജീവിതത്തില്‍  പണം ലക്ഷ്യമിട്ടു ചികിത്സിച്ചിട്ടില്ലെന്ന് മോഹന്‍കുമാര്‍ പറയുന്നു. എന്‍മകജെ, പഡ്രെ എന്നിവിടങ്ങളില്‍  ജനകീയ ക്ലിനിക്കുകള്‍ തുറന്നു.  സാധാരണക്കാരായ രോഗികള്‍ക്ക് ചികിത്സ ഇപ്പോഴും ഇവിടെ സൗജന്യമാണ്. വൈദ്യശാസ്ത്രമേഖല പോലും കമ്പോളവത്കരണത്തിന്റെ ഭാഗമായി മാറുമ്പോള്‍ ആതുരസേവനത്തിന്റെ  വേറിട്ട പാതയിലൂടെ സഞ്ചരിക്കുകയാണ്  ഈ ജനകീയ ഡോക്ടര്‍.

കര്‍ണാടകയോടുചേര്‍ന്ന അതിര്‍ത്തിഗ്രാമമായ പുത്തൂരിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. 1976ല്‍ മൈസൂര്‍ മെഡിക്കല്‍ കോളേജില്‍ എംബിബിഎസിനു ചേര്‍ന്നു. പഠനം പൂര്‍ത്തിയാക്കിയ ശേഷം 1982ല്‍ അച്ഛന്റെ നിര്‍ദേശപ്രകാരം വാണിനഗറില്‍ ആദ്യ ക്ലിനിക്ക് തുടങ്ങി. കാസര്‍കോടിന്റെ ഉള്‍നാടുകളില്‍ നിന്ന് അസാധാരണ രോഗങ്ങളുമായി ആളുകള്‍ മുന്നിലെത്തിയപ്പോഴാണ് ഡോക്ടര്‍ എന്‍ഡോസള്‍ഫാനെക്കുറിച്ച് ആദ്യമറിഞ്ഞത്. മാനസികരോഗങ്ങള്‍ മുതല്‍ അംഗവൈകല്യങ്ങള്‍ വരെ വ്യാപകമായതോടെ ഇതേക്കുറിച്ച് പഠിക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് 1997 ഫെബ്രുവരിയില്‍ മെഡിക്കല്‍ ജേര്‍ണലില്‍ എന്‍ഡോസള്‍ഫാന്‍ അനുബന്ധ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച്  ലേഖനമെഴുതുന്നതും സജീവചര്‍ച്ചയാകുന്നതും. ഇതിന്റെ പേരില്‍ ശാരീരികവും മാനസികവുമായ പല അക്രമങ്ങളും ഡോക്ടര്‍ക്കു നേരിടേണ്ടി വന്നു.

 സാമൂഹ്യസേവന രംഗത്ത് ഒറ്റയടിപ്പാത തീര്‍ത്ത മാതൃകാവ്യക്തിത്വങ്ങള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. 2013ല്‍ പാലക്കാട് സ്വദേശി റസിയാബാനുവിനായിരുന്നു  പ്രഥമ പുരസ്‌കാരം. ഇടുക്കി മുരിക്കാശേരി സ്വദേശി വി സി രാജു, പാലക്കാട് പള്ളം സ്വദേശി കൃഷ്ണന്‍, തൊടുപുഴ മുട്ടം സ്വദേശി സജിനി മാത്യു, സാമൂഹ്യപ്രവര്‍ത്തക  വി പി സുഹ്‌റ, പരിസ്ഥിതി പ്രവര്‍ത്തകന്‍ ടി പി പദ്മനാഭന്‍ എന്നിവര്‍ക്കാണ് കഴിഞ്ഞവര്‍ഷങ്ങളില്‍  പുരസ്‌കാരം ലഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com