ദേശീയ പണിമുടക്ക് ദിനത്തില്‍ പ്രവേശന പരീക്ഷ ; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍ ; തീരുമാനമെടുക്കാതെ സര്‍ക്കാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd January 2020 11:40 AM  |  

Last Updated: 03rd January 2020 11:42 AM  |   A+A-   |  

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി : ജനുവരി എട്ടിന് അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കെ, അന്നത്തെ ജെഇഇ മെയിന്‍ പ്രവേശനപരീക്ഷ എങ്ങനെ എഴുതുമെന്ന ആശങ്കയില്‍ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍. തൊഴിലാളി സംഘടനകളുടെ അഖിലേന്ത്യാ പണിമുടക്കിനും കര്‍ഷക സംഘടനകളുടെ ഗ്രാമീണ ബന്ദിനും ഇടതു പാര്‍ട്ടികള്‍ അടക്കം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷ മാറ്റിവയ്ക്കണമെന്ന് തൊഴിലാളി സംഘടനകളും വിദ്യാര്‍ഥികളുമടക്കം മാനവശേഷി മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തീരുമാനമായിട്ടില്ല. 

എന്‍ഐടികളിലേക്കും മറ്റുമുള്ള ദേശീയ എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ-മെയിന്‍ പരീക്ഷയാണ് ജനുവരി 6 മുതല്‍ 9 വരെ നടത്താന്‍ നിശ്ചയിച്ചിട്ടുള്ളത്. ഐഐടികളിലേക്കുള്ള പ്രവേശനത്തിന്റെ ആദ്യ കടമ്പയുമാണിത്. രാജ്യത്തെ 233 നഗരങ്ങളിലും വിദേശത്തെ 9 കേന്ദ്രങ്ങളിലുമായി ഇക്കുറി 9.3 ലക്ഷം പേരാണ് അപേക്ഷിച്ചിരിക്കുന്നത്.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പണിമുടക്ക് കേരളത്തെ കൂടുതല്‍ ബാധിക്കുമെന്നും ആശങ്കയുണ്ട്. കേരളത്തില്‍ ഒട്ടുമിക്ക പ്രതിപക്ഷയൂണിയനുകളും പണിമുടക്കിനെ പിന്തുണയ്ക്കുന്ന പശ്ചാത്തലത്തില്‍ കേരളം നിശ്ചലമാകാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ പരീക്ഷാകേന്ദ്രത്തിലെത്തുന്നത് അടക്കമുള്ള വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ആശങ്കയിലാണ്.