വിദ്യാര്‍ത്ഥി സംഘടനകള്‍ ട്രേഡ് യൂണിയനുകള്‍ ആകരുതെന്ന്  ഗവര്‍ണര്‍ ; ആര് സമ്മര്‍ദ്ദം ചെലുത്തിയാലും നിയമം വിട്ട് പ്രവര്‍ത്തിക്കരുതെന്ന് വിസിമാര്‍ക്ക് മുന്നറിയിപ്പ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd January 2020 12:53 PM  |  

Last Updated: 03rd January 2020 12:53 PM  |   A+A-   |  

arif_muhammed_khan

ഫയല്‍ ചിത്രം

 

കോട്ടയം : വൈസ് ചാന്‍സലര്‍മാര്‍ക്ക് മുന്നറിയിപ്പുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വൈസ് ചാന്‍സലര്‍മാര്‍ സര്‍വകലാശാല നിയമം അനുസരിച്ച് പ്രവര്‍ത്തിക്കണം. വിസിമാര്‍ക്ക് മേല്‍ അമിത സമ്മര്‍ദ്ദമാണ്. ആര് സമ്മര്‍ദ്ദം ചെലുത്തിയാലും നിയമം വിട്ട് പ്രവര്‍ത്തിക്കരുത്. വിസിമാര്‍ നിയമങ്ങള്‍ക്കും സര്‍വകലാശാല സ്റ്റാറ്റിയൂട്ടുകള്‍ക്കും വിധേയമായേ പ്രനര്‍ത്തിക്കാവൂ. എംജി സര്‍വകലാശാലയില്‍ അടുത്തിടെയുണ്ടായ സംഭവം അവമതിപ്പുണ്ടാക്കിയെന്നും ഗവര്‍ണര്‍ പറഞ്ഞു. 

എംജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാനം അടക്കമുള്ള വിവാദങ്ങള്‍ എടുത്തപറഞ്ഞാണ് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കിയത്. ചാന്‍സലര്‍ നിലയില്‍ തനിക്ക് അധികാരം ഉപയോഗിക്കേണ്ടി വരുന്ന അവസ്ഥയുണ്ടായാല്‍, ഉറപ്പായും വിനിയോഗിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. വിദ്യാര്‍ത്ഥി സംഘടനകള്‍ ട്രേഡ് യൂണിയനുകള്‍ ആകരുതെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. എംജി സര്‍വകലാശാലയില്‍ പ്രഭാഷണത്തിന് എത്തിയതായിരുന്നു ഗവര്‍ണര്‍. 

ഗവര്‍ണറുടെ സന്ദര്‍ശനത്തിനായി വന്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഗവര്‍ണര്‍ക്കെതിരെ കെഎസ് യു പ്രതിഷേധിച്ചു. കരിങ്കൊടി കാട്ടാന്‍ ശ്രമിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കെ എസ് യു ജില്ലാ സെക്രട്ടറിയാണ് പൊലീസ് കസ്റ്റഡിയിലായത്. 

അതിനിടെ വിസിക്കെതിരെ പരാതി പറയാനെത്തിയ വിദ്യാര്‍ത്ഥിനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാനോ സയന്‍സ് വിദ്യാര്‍ത്ഥിനി ദീപ മോഹനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് വിദ്യാര്‍ത്ഥിനിയെ കസ്റ്റഡിയില്‍ എടുത്തതെന്ന് പൊലീസ് അറിയിച്ചു. വി സി ദ്രോഹിക്കുന്നതായി വിദ്യാര്‍ത്ഥിനി ആരോപിച്ചു.