കണ്ണന്‍ ഗോപിനാഥന്‍ യുപി പൊലീസിന്റെ കസ്റ്റഡിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th January 2020 11:22 AM  |  

Last Updated: 04th January 2020 11:22 AM  |   A+A-   |  


 

ന്യൂഡല്‍ഹി : പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ സജീവമായി പങ്കെടുത്ത മലയാളി മുന്‍ ഐഎഎസ് ഓഫീസര്‍ കണ്ണന്‍ ഗോപിനാഥനെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ വെച്ചാണ് പൊലീസ് കണ്ണനെ പിടികൂടിയത്. മുകളില്‍ നിന്നുള്ള ഉത്തരവ് അനുസരിച്ചാണ് തന്നെ പിടികൂടിയതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു.

പൊലീസ് പിടികൂടിയതിന്റെ ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. പൊലീസ് മാന്യമായാണ് പെരുമാറിയത്. സ്റ്റേഷനിലേക്കല്ല, മറിച്ച് ഹോട്ടലിലേക്കാണ് തന്നെ കൊണ്ടുപോയത്. ഇത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു.

നേരത്തെ ജമ്മുകശ്മീരിന്റെ പ്രത്യേക അവകാശം എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചുകൊണ്ടാണ് ദാദ്രനഗര്‍ഹവേലിയിലെ ഐഎഎസ് ഓഫീസറായിരുന്ന കണ്ണന്‍ ഗോപിനാഥന്‍ ഐഎഎസ് പദവി രാജിവെക്കുന്നത്. തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ നയങ്ങളുടെ കടുത്ത വിമര്‍ശകനായി മാറിയ കണ്ണന്‍ ഗോപിനാഥന്‍, ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരായ പോരാട്ടത്തിലും മുന്‍പന്തിയില്‍ ഉണ്ടായിരുന്നു.