തദ്ദേശ തെരഞ്ഞെടുപ്പ് ഒക്ടോബറില്‍ ?; ജനപ്രതിനിധികളുടെ എണ്ണം കൂടും ; ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ പരിഗണനയില്‍

വാര്‍ഡുകളുടെ അതിരുകള്‍ മാറിമറിയും എന്നതുമാത്രമല്ല, സംവരണ സീറ്റുകളും അപ്പാടെ മാറും
തദ്ദേശ തെരഞ്ഞെടുപ്പ് ഒക്ടോബറില്‍ ?; ജനപ്രതിനിധികളുടെ എണ്ണം കൂടും ; ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ പരിഗണനയില്‍

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഒക്ടോബര്‍-നവംബര്‍ മാസത്തില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യത. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുസംബന്ധിച്ച സൂചന നല്‍കി. ജനസംഖ്യാ വര്‍ദ്ധനവിന് ആനുപാതികമായി തദ്ദേശഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ എണ്ണം കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ പരിഗണനയിലാണ്. ഗവര്‍ണറുടെ അംഗീകാരം ലഭിച്ചാല്‍ അതിവേഗം നടപടി ഉണ്ടാകുമെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ എണ്ണം ഒന്നു വീതം വര്‍ധിപ്പിച്ച് കേരള പഞ്ചായത്ത് രാജ് ആക്റ്റും കേരള മുന്‍സിപ്പാലിറ്റി ആക്റ്റും ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. വീടുകളുടെ നമ്പറുകള്‍ മാറുന്നത് അടക്കം പലപ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതിയില്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയെങ്കിലും, ആശയക്കുഴപ്പം ഉണ്ടാകില്ലെന്നാണ് സര്‍ക്കാരിന്റെ മറുപടി.

ഓര്‍ഡിനന്‍സ് ഇറങ്ങാന്‍ വൈകുന്നത് തെരഞ്ഞെടുപ്പ് കമ്മിഷനും വെല്ലുവിളിയാണ്. ഓര്‍ഡിനന്‍സ് ഇറങ്ങി, തദ്ദേശ സ്ഥാപനങ്ങളുടെ അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിച്ചാലേ തെരഞ്ഞെടുപ്പ് ജോലികളിലേക്കു കടക്കാന്‍ കമ്മിഷനു കഴിയൂ. ഇപ്പോള്‍ 2001ലെ സെന്‍സസ് അനുസരിച്ചാണ് അംഗങ്ങളുടെ എണ്ണം തീരുമാനിച്ചിരിക്കുന്നത്. 2011ലെ സെന്‍സസ് അനുസരിച്ചാണ് ഇനി സീറ്റുകള്‍ നിശ്ചയിക്കേണ്ടത്. സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയശേഷം അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിച്ച് പുതിയ വാര്‍ഡുകള്‍ തീരുമാനിക്കണം. ഇതിനു ചുരുങ്ങിയത് 5 മാസമെങ്കിലുമെടുക്കുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

നിലവില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ എണ്ണം 13 മുതല്‍ 23 വരെയാണ്. ബ്ലോക്ക് പഞ്ചായത്തിലെ അംഗങ്ങളുടെ എണ്ണവും ഇതുതന്നെ. മുനിസിപ്പാലിറ്റിയില്‍ 25 മുതല്‍ 52 വരെ അംഗങ്ങളുണ്ട്. ജില്ലാപഞ്ചായത്തില്‍ 16 മുതല്‍ 32 വരെ. കോര്‍പ്പറേഷനില്‍ 55 മുതല്‍ 100 വരെ. ഇവിടെയെല്ലാം അംഗങ്ങളുടെ എണ്ണം ഒന്നുവീതം വര്‍ധിക്കും.

വാര്‍ഡുകളുടെ അതിരുകള്‍ മാറിമറിയും എന്നതുമാത്രമല്ല, സംവരണ സീറ്റുകളും അപ്പാടെ മാറും. ഇപ്പോള്‍ സ്ത്രീകള്‍ ഭരിക്കുന്ന വാര്‍ഡുകളും സ്ഥാനങ്ങളും പുരുഷന്‍മാര്‍ക്ക് ലഭിക്കുമ്പോള്‍, നിലവിലെ ജനറല്‍ സീറ്റുകളെല്ലാം സ്ത്രീ സംവരണമാകും. പട്ടികജാതി-പട്ടിക വര്‍ഗ സംവരണം സീറ്റുകളിലും മാറ്റമുണ്ടാകും. തദ്ദേശ സ്ഥാപനങ്ങളില്‍ 50 ശതമാനമാണ് വനിതാ സംവരണം. അടുത്തതവണ തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോര്‍പറേഷനുകളില്‍ വനിതാ മേയര്‍മാര്‍ വരും. കൊച്ചി, കണ്ണൂര്‍, തൃശൂര്‍ കോര്‍പ്പറേഷനുകളില്‍ മേയര്‍മാര്‍ പുരുഷന്മാരാകും.

1200 തദ്ദേശഭരണ സ്ഥാപനങ്ങളാണ് സംസ്ഥാനത്തുള്ളത്. ഗ്രാമപഞ്ചായത്തുകള്‍ 941. ബ്ലോക്ക് പഞ്ചായത്ത് 152, ജില്ലാ പഞ്ചായത്ത് 14, മുനിസിപ്പാലിറ്റി 87, കോര്‍പ്പറേഷന്‍ 6. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ആകെ 2,51,08536 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. 1,20,58,262 പുരുഷവോട്ടര്‍മാര്‍. 1,30,50,163 സ്ത്രീ വോട്ടര്‍മാര്‍. പ്രവാസി വോട്ടര്‍മാര്‍ 457.37,551. ഇലക്ട്രോണിക് വോട്ടിങ് മെഷിനുകളാണ് തെരഞ്ഞെടുപ്പിന് ഉപയോഗിച്ചത്.

നവംബര്‍ 12 നാണ് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതി അധികാരത്തില്‍ വരേണ്ടത്. പൗരത്വ നിയമ ഭേദഗതി, ശബരിമല വിഷയം തുടങ്ങിയവയെല്ലാം തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നണികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നു. കൂടാതെ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന നിലയ്ക്കും മുന്നണികള്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പ് നിര്‍ണ്ണായകമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com