ക്യാമ്പസിനുള്ളില്‍ രക്തം വീഴ്ത്തുന്ന ഈ കളിയില്‍ നിന്ന് സംഘപരിവാര്‍ പിന്‍മാറണം; പിണറായി വിജയന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th January 2020 09:42 AM  |  

Last Updated: 06th January 2020 09:42 AM  |   A+A-   |  

 

തിരുവനന്തപുരം: ജെഎന്‍യു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമം നടന്ന സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാര്‍ത്ഥികള്‍ക്കു നേരെ ഉണ്ടാകുന്ന കടന്നാക്രമണം അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടമാണ്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല ക്യാമ്പസില്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും നാസി മാതൃകയില്‍ ആക്രമിച്ചവര്‍ രാജ്യത്ത് അരക്ഷിതാവസ്ഥയും കലാപവും സൃഷ്ടിക്കാന്‍ ഇറങ്ങിയവരാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റിനെ ആശുപത്രിയില്‍ കൊണ്ടുപോയ ആംബുലന്‍സ് തടയാന്‍ എ ബി വി പി ക്കാര്‍ തയാറായി എന്ന വാര്‍ത്ത കലാപ പദ്ധതിയുടെ വ്യാപ്തി സൂചിപ്പിക്കുന്നു. ഭീകര സംഘത്തിന്റെ സ്വഭാവമാര്‍ജിച്ചാണ് ക്യാമ്പസില്‍ മാരകായുധങ്ങളുമായി അക്രമി സംഘം എത്തിയത്. ക്യാമ്പസുകളില്‍ രക്തം വീഴ്ത്തുന്ന വിപത്കരമായ ഈ കളിയില്‍ നിന്ന് സംഘ പരിവാര്‍ ശക്തികള്‍ പിന്മാറണം. വിദ്യാര്‍ത്ഥികളുടെ ശബ്ദം ഈ നാടിന്റെ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞാല്‍ നല്ലത്.- അദ്ദേഹം കുറിച്ചു.

അതേസമയം, വിദ്യാര്‍ത്ഥികളെ അക്രമിച്ചതുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇവര്‍  പുറത്തുനിന്നുള്ളവരാണ് എന്നാണ് സൂചന. ഞായറാഴ്ച നടന്ന അക്രമത്തില്‍ ഇരുപത്തിയാറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മാരകമായി പരിക്കേറ്റ വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷ ഐഷി ഘോഷ് ഉള്‍പ്പെടെയുള്ളവരെ എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഞായറാഴ്ച വൈകുന്നേരമാണ് ക്യാമ്പസില്‍ സംഘര്‍ഷമുണ്ടായത്. മുഖംമൂടി ധരിച്ചെത്തിയ ഒരുസംഘം വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അക്രമിക്കുകയായിരുന്നു. ഹോസ്റ്റലുകള്‍ തല്ലിതകര്‍ത്ത സംഘം വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിന്റെ തല തല്ലിപ്പൊളിച്ചു. അക്രമം അഴിച്ചുവിട്ടത് എബിവിപിയാണ് എന്നാണ് ആരോപണം.

അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍വകലാശാല വിസിയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി അധ്യാപകര്‍ രംഗത്തെത്തി.  സുരക്ഷയും സമാധാനവും ഉറപ്പാക്കാനായില്ലെങ്കില്‍ വൈസ് ചാന്‍സലര്‍ സ്ഥാനം ഒഴിയണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടു. അതേസമയം രജിസ്ട്രാറെയും പ്രോക്ടറെയും മാനവ വിഭവ ശേഷി മന്ത്രാലയം വിളിപ്പിച്ചു. മന്ത്രാലയം സെക്രട്ടറിക്ക് മുന്നില്‍ ഇന്ന് ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.  

ഇന്നലെ നടന്ന അക്രമങ്ങള്‍ ആസൂത്രിതമെന്ന സംശയം ബലപ്പെടുത്തുന്ന  വാട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യുണൈറ്റ് എഗൈന്‍സ്റ്റ് ലെഫ്റ്റ് എന്ന വാട്‌സാപ്പ് ഗ്രൂപ്പിലാണ് അക്രമം നടത്തുന്നതിനെക്കുറിച്ചും സാധ്യമായ വഴികളെക്കുറിച്ചുമുള്ള സന്ദേശങ്ങള്‍ ഉള്ളത്.
അക്രമികള്‍ക്ക് ജെഎന്‍യുവിലേക്ക് എത്താനുള്ള വഴികള്‍ സന്ദേശത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ജെഎന്‍യു പ്രധാന ഗേറ്റില്‍ സംഘര്‍ഷം ഉണ്ടാക്കേണ്ടതിനെ കുറിച്ചും പറയുന്നു. ക്യാമ്പസിലെ പൊലീസ് സാന്നിധ്യം അന്വേഷിക്കുകയും ചെയ്യുന്നുണ്ട് സന്ദേശങ്ങളില്‍.