പണിമുടക്ക് നാളെ അര്‍ധരാത്രി മുതല്‍; കടകള്‍ അടച്ചിടും, ബസുകളും ഓട്ടോയും ടാക്‌സിയും ഓടില്ല

ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ ബുധനാഴ്ച അര്‍ധരാത്രി വരെയാണ് പണിമുടക്ക്
പണിമുടക്ക് നാളെ അര്‍ധരാത്രി മുതല്‍; കടകള്‍ അടച്ചിടും, ബസുകളും ഓട്ടോയും ടാക്‌സിയും ഓടില്ല


തിരുവനന്തപുരം : കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയും, വിവിധ ആവശ്യങ്ങളുന്നയിച്ചും ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് നാളെ അര്‍ധരാത്രി ആരംഭിക്കും. ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ ബുധനാഴ്ച അര്‍ധരാത്രി വരെയാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

സംസ്ഥാനത്ത് കടകളും ഹോട്ടലുകളും പൂര്‍ണമായി അടച്ചിടും. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ്സുകളും ഓട്ടോറിക്ഷ-ടാക്‌സി തുടങ്ങിയവും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. ബിഎംഎസ് പണിമുടക്കിനെ എതിര്‍ക്കാത്ത സാഹചര്യത്തില്‍ ഫലത്തില്‍ കേരളത്തില്‍ ഹര്‍ത്താലായി മാറും.

ജീവനക്കാരുടെ സംഘടനകളും പണിമുടക്കുന്നതിനാല്‍ സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കില്ല. ട്രേഡ് യൂണിയനുകളും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും ബാങ്ക്, ഇന്‍ഷുറന്‍സ്, ബിഎസ്എന്‍എല്‍ ജീവനക്കാരുടെയും സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുമെന്നു സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം അറിയിച്ചു. വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുമെന്നു വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് വി. കെ.സി.മമ്മദ് കോയ എംഎല്‍എ പറഞ്ഞു.

ശബരിമല തീര്‍ത്ഥാടകര്‍, ആശുപത്രി, ടൂറിസം മേഖല,പാല്‍, പത്രം മറ്റ് അവശ്യസര്‍വീസുകള്‍ എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് നേതാക്കള്‍ അറിയിച്ചു. താഴിലാളികളുടെ മിനിമം പ്രതിമാസ വേതനം 21,000 രൂപയാക്കുക, 10,000 രൂപ പ്രതിമാസ പെന്‍ഷന്‍ നല്‍കുക, പൊതുമേഖലാ സ്വകാര്യവല്‍ക്കരണം നിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളും ട്രേഡ് യൂണിയന്‍ സംയുക്ത സമിതി മുന്നോട്ടുവെക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com