രാഷ്ട്രപതിയുടെ സ്‌നേഹാശംസയും എത്തി; ആശങ്കയൊഴിഞ്ഞ് ആഷ്‌ലിയുടെയും അഭിഷേകിന്റെയും വിവാഹം ഇന്ന്

രാഷ്ട്രപതിയുടെ സുരക്ഷാ സന്നാഹങ്ങള്‍ക്കിടെ മുടങ്ങിപ്പോകുമെന്ന് കരുതിയ അഭിഷേക് സുധാകരന്റെയും അമേരിക്കന്‍ സ്വദേശിനി ആഷ്‌ലി ഹാളിന്റെയും വിവാഹം ഇന്ന് നടക്കും.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: രാഷ്ട്രപതിയുടെ സുരക്ഷാ സന്നാഹങ്ങള്‍ക്കിടെ മുടങ്ങിപ്പോകുമെന്ന് കരുതിയ അഭിഷേക് സുധാകരന്റെയും അമേരിക്കന്‍ സ്വദേശിനി ആഷ്‌ലി ഹാളിന്റെയും വിവാഹം ഇന്ന് നടക്കും. രാഷ്ട്രപതിയുടെ സ്‌നേഹാശംസകളും കല്യാണത്തിനുണ്ട്. അമേരിക്കയില്‍ കണ്ടുമുട്ടി പ്രണയത്തിലായ അഭിഷേക് സുധാകരനും ആഷ്ലി ഹാളും കല്യാണം കേരളത്തില്‍ വെച്ചു നടത്താന്‍ തീരുമാനിച്ചപ്പോള്‍ അപ്രതീക്ഷിതമായാണ് അവരുടെ വിവാഹ  വേദിയായ കൊച്ചി വില്ലിങ്ടണ്‍ ഐലന്‍ഡിലെ താജ് ഹോട്ടലിലേക്ക് രഷ്ട്രപതിയുടെ സന്ദര്‍ശനം എത്തിയത്.

എട്ട് മാസം മുന്‍പാണ് കല്യാണം കേരളത്തില്‍വെച്ച് നടത്താന്‍ ഇവര്‍ തീരുമാനിച്ചത്.  താജ് വിവാന്തയില്‍ വിവാഹത്തിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി. ഇതിനായി കുടുംബാംഗങ്ങളെല്ലാം കൊച്ചിയിലേക്ക് എത്തുകയും ചെയ്തു. എന്നാല്‍ അപ്രതീക്ഷിതമായാണ് വിവാഹം പ്രതിസന്ധിയിലായത്. രാഷ്ട്രപതിയുടെ കേരള സന്ദര്‍ശത്തിന് മുന്നോടിയായി രണ്ട് മണിക്കൂര്‍ മുന്‍പേ നടത്താനായിരുന്നു സുരക്ഷാ സേനയുടെ നിര്‍ദേശം. മാസങ്ങളോളം ഈ വിവാഹദിവസത്തിനായി കാത്തിരുന്നവര്‍ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലായി. അവസാനം രാഷ്ട്രപതി തന്നെ പ്രതിശ്രുത വരന്റേയും വധുവിന്റേയും രക്ഷക്കെത്തി.

വിവാഹം മുടങ്ങുമെന്ന ആശങ്ക അറിയിച്ച് രാഷ്ട്രപതിയെ മെന്‍ഷന്‍ ചെയ്ത ആഷ്‌ലി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറപടി നല്‍കിയ പ്രസിഡന്റ്, വിവാഹം മാറ്റിവയ്‌ക്കേണ്ട എന്ന് വ്യക്തമാക്കി. രാഷ്ട്രപതി ഭവന്‍ മിലിറ്ററി ഓഫിസിനെ വിവരം അറിയിക്കുകയായിരുന്നു. അവര്‍ സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥന്‍ കൊച്ചിയിലെ ഹോട്ടലുമായി ബന്ധപ്പെട്ട് വിവാഹം നിശ്ചയിച്ച സമയത്തു തന്നെ നടത്താന്‍ ഏര്‍പ്പാടാക്കി.

വിവാഹത്തോടനുബന്ധിച്ച് കൊച്ചിയിലെത്തിയ വിദേശി സുഹൃത്തുക്കള്‍ക്കായി ബുധനാഴ്ച രാവിലെ 8.30 മുതല്‍ 12 വരെ കൊച്ചി ഹെറിറ്റേജ് ടൂര്‍ എന്ന സംവിധാനവും ഒരുക്കിയിട്ടുണ്.2018 ജനുവരിയിലാണ് ഒരു ക്ലബ്ബില്‍ ഇരുവരും കണ്ടുമുട്ടുന്നത്. പിന്നീട് ഇരുവരും തങ്ങളുടെ വ്യത്യസ്ത സാഹചര്യങ്ങളും പാരമ്പര്യവും പരസ്പരം മനസ്സിലാക്കുകയും വിവാഹം കഴിക്കാനും തീരുമാനിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com