റെയിൽവേ സ്റ്റേഷനിലിറങ്ങിയാൽ ഇനി ടാക്സി കാത്ത് നിൽക്കേണ്ട; കാർ സ്വയം ഓടിച്ചു പോകാം

By സമകാലിക മലയാളം ഡ‍െസ്ക്  |   Published: 07th January 2020 08:22 AM  |  

Last Updated: 07th January 2020 08:25 AM  |   A+A-   |  

rent_cars

 

കൊച്ചി: റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് കാർ വാടകയ്‌ക്കെടുത്ത് സ്വയം ഓടിച്ചു പോകാം. അതിനുള്ള സൗകര്യമൊരുക്കുകയാണ് ദക്ഷിണ റെയിൽവേ. ‘റെന്റ് എ കാർ’ സംവിധാനത്തിന് ദക്ഷിണ റെയിൽവേ കേരളത്തിൽ തുടക്കമിടുകയാണ്. തിരുവനന്തപുരം ഡിവിഷനു കീഴിലുള്ള നാല് റെയിൽവേ സ്റ്റേഷനുകളിൽ ഈ മാസം പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. തിരുവനന്തപുരം, എറണാകുളം സൗത്ത്, എറണാകുളം നോർത്ത്, തൃശൂർ എന്നിവിടങ്ങളിലാണിത്.

ഓരോ സ്‌റ്റേഷനിലും അഞ്ചു വീതം കാറുകളുണ്ടാകും. നിർദേശിച്ച സ്ഥലത്ത് നിശ്ചിത സമയത്തിനുള്ളിൽ കാർ തിരിച്ചേൽപ്പിച്ചാൽ മതി. കാർ ബുക്ക് ചെയ്യാനുള്ള കിയോസ്‌ക് റെയിൽവേ സ്‌റ്റേഷനിൽ സ്ഥാപിക്കും. ഓൺലൈൻ ബുക്കിങ് സൗകര്യവും പരിഗണനയിലുണ്ട്.റെയിൽവേ സ്റ്റേഷൻ ഇൻഡസ് ഗോ എന്ന ഏജൻസിയെയാണ് പദ്ധതിയുടെ നടത്തിപ്പിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

മൂന്ന് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്ന പദ്ധതി വിജയകരമെന്നു കണ്ടാൽ മറ്റു റെയിൽവേ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് തിരുവനന്തപുരം ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർ എം ബാലമുരളി പറഞ്ഞു. ഇതുവഴി മൂന്ന് മാസത്തേക്ക് മൂന്നര ലക്ഷത്തിലേറെ രൂപ ലൈസൻസ് ഫീസ് ഇനത്തിൽ മാത്രം റെയിൽവേക്ക് വരുമാനം ലഭിക്കും. ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ച് ചെങ്ങന്നൂരിൽ റെന്റ് എ ബൈക്ക് പദ്ധതി തുടങ്ങിയിരുന്നു.