നൊബേല്‍ സമ്മാന ജേതാവിനെ തടഞ്ഞത് സാമൂഹ്യവിരുദ്ധര്‍; ലെവിറ്റ് സര്‍ക്കാര്‍ അതിഥിയെന്ന് കടകംപളളി, കര്‍ശന നടപടി

ആലപ്പുഴയില്‍ വിനോദയാത്രയ്‌ക്കെത്തിയ നൊബേല്‍ സമ്മാന ജേതാവ് സഞ്ചരിച്ച ഹൗസ് ബോട്ട് തടഞ്ഞത് സാമൂഹ്യവിരുദ്ധരെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍
നൊബേല്‍ സമ്മാന ജേതാവിനെ തടഞ്ഞത് സാമൂഹ്യവിരുദ്ധര്‍; ലെവിറ്റ് സര്‍ക്കാര്‍ അതിഥിയെന്ന് കടകംപളളി, കര്‍ശന നടപടി

ആലപ്പുഴ: ആലപ്പുഴയില്‍ വിനോദയാത്രയ്‌ക്കെത്തിയ നൊബേല്‍ സമ്മാന ജേതാവ് സഞ്ചരിച്ച ഹൗസ് ബോട്ട് തടഞ്ഞത് സാമൂഹ്യവിരുദ്ധരെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ നടക്കുന്ന പണിമുടക്കില്‍ പങ്കെടുക്കുന്നവരുടെ പേരിലാണ് 2013ല്‍ രസതന്ത്രത്തിന് നൊബേല്‍ സമ്മാനം ലഭിച്ച മൈക്കല്‍ ലെവിറ്റിനെ തടഞ്ഞുവെച്ചതെന്നും കടകംപളളി സുരേന്ദ്രന്‍ ആരോപിച്ചു.

 രണ്ടുമണിക്കൂര്‍ നേരം മൈക്കല്‍ ലെവിറ്റ് സഞ്ചരിച്ച ഹൗസ് ബോട്ട് പണിമുടക്ക് അനുകൂലികള്‍ തടഞ്ഞുവെച്ചു എന്ന തരത്തിലാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. ഇത് വിവാദമായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. ലെവിറ്റ് സര്‍ക്കാര്‍ അതിഥിയാണെന്ന് കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. ഹൗസ് ബോട്ട് തടഞ്ഞുവെച്ച സംഭവം പൊലീസ് അന്വേഷിക്കും. സുരക്ഷാ വീഴ്ച ഉള്‍പ്പെടെയുളള കാര്യങ്ങളും പരിശോധിക്കുമെന്നും കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം വിനോദ സഞ്ചാരത്തെ സമരത്തില്‍ നിന്ന് ഒഴിവാക്കിയെന്ന് പറഞ്ഞിട്ടും തന്നെ തടഞ്ഞത് നിയമവിരുദ്ധമെന്ന് മൈക്കില്‍ ലെവിറ്റ് പ്രതികരിച്ചു.സര്‍ക്കാര്‍ അതിഥിയെ തടഞ്ഞത് വിനോദസഞ്ചാരത്തിനും കേരളത്തിനും ചേരാത്ത നടപടിയാണെന്നും ലെവിറ്റ് കുറ്റപ്പെടുത്തി.

കുമരകം കാണുന്നതിനായി ഭാര്യയ്‌ക്കൊപ്പമാണ് ലെവിറ്റ് കേരളത്തിലെത്തിയത്. ഇന്ന് രാവിലെ ആര്‍ ബ്ലോക്കില്‍ വെച്ചാണ് അദ്ദേഹം സഞ്ചരിച്ച ബോട്ട് പണിമുടക്ക് അനുകൂലികള്‍ തടഞ്ഞുവെച്ചത്. നൊബേല്‍ സമ്മാന ജേതാവാണെന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ പറഞ്ഞിട്ടും പണിമുടക്ക് അനുകൂലികള്‍ കേള്‍ക്കാന്‍ തയ്യാറായില്ലെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടക്കുന്ന പൊതു പണിമുടക്ക് കേരളത്തില്‍ ഏതാണ്ട് പൂര്‍ണമാണ്. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും സര്‍വീസ് നടത്തിയില്ല.  അതേസമയം സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. കൊച്ചി മെട്രൊ തടസം കൂടാതെ സര്‍വീസ് നടത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com