അധിക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കണം; ഇല്ലെങ്കില്‍ നിയമനടപടി: മലപ്പുറം കലക്ടര്‍ക്ക് പി വി അന്‍വറിന്റെ വക്കീല്‍ നോട്ടീസ്

മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്കിന് എതിരെ പി വി അന്‍വര്‍ എംഎല്‍എയുടെ വക്കീല്‍ നോട്ടീസ്
അധിക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കണം; ഇല്ലെങ്കില്‍ നിയമനടപടി: മലപ്പുറം കലക്ടര്‍ക്ക് പി വി അന്‍വറിന്റെ വക്കീല്‍ നോട്ടീസ്

നിലമ്പൂര്‍: മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്കിന് എതിരെ പി വി അന്‍വര്‍ എംഎല്‍എയുടെ വക്കീല്‍ നോട്ടീസ്. അധിക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

പ്രളയദുരിതാതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസമാണ് കലക്ടറും എംഎല്‍എയും തമ്മിലുള്ള പരസ്യ വാക്‌പോരില്‍ കലാശിച്ചത്. മുണ്ടേരി ചളിക്കല്‍ കോളനിയിലെ ആദിവാസികള്‍ക്ക് ചെമ്പന്‍ കൊല്ലിയില്‍ വീടുകള്‍ നിര്‍മിച്ചു നല്‍കുന്നത് അന്‍വറിന്റെ നേതൃത്വത്തില്‍ ഒരു സംഘമെത്തി തടഞ്ഞതോടെയാണ് വിഷയം മറനീക്കി പുറത്തറിഞ്ഞത്.

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കവളപ്പാറ കോളനിയിലുള്ളവരെ പരിഗണിക്കാത്തതിരെ ആയിരുന്നു അന്‍വറിന്റെ പ്രതിഷേധം. ഐടിഡിപി വാങ്ങിയ 5 ഏക്കറില്‍ ഫെഡറല്‍ ബാങ്കിന്റെ സഹകരണത്തോടെയാണ് 34 വീടുകള്‍ നിര്‍മിച്ചു നല്‍കുന്നത്.

വീടുകളുടെ തറപ്പണി നടക്കുന്നതിനിടയിലാണ് അന്‍വറിന്റെ നേതൃത്വത്തില്‍ പോത്തുകല്ല് പഞ്ചായത്ത് പ്രസിഡന്റ് സി കരുണാകരന്‍പിള്ള, വൈസ് പ്രസിഡന്റ് വത്സല അരവിന്ദ്, സിപിഎം ലോക്കല്‍ സെക്രട്ടറി പി സഹീര്‍ ഉള്‍പ്പെടെയുള്ള സംഘമെത്തി തടഞ്ഞത്. കവളപ്പാറ കോളനിയിലുള്ളവര്‍ 5 മാസത്തോളമായി പോത്തുകല്ലിലെ ദുരിതാശ്വാസ ക്യാംപില്‍ കഴിയുമ്പോള്‍ അത്രയും ദുരിതം അനുഭവിക്കാത്തവര്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കുന്നത് അനുവദിക്കില്ലെന്ന് അന്‍വര്‍ പറഞ്ഞു.

ജില്ലാ കലക്ടറും റവന്യു ഉദ്യോഗസ്ഥരും ചേര്‍ന്ന് പ്രളയ പുനരധിവാസ പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണിതെന്നും താനുള്‍പ്പെടെയുള്ള ജനപ്രതിനിധികളോട് ആലോചിക്കാതെയാണ് ഗുണഭോക്താക്കളെ കണ്ടെത്തി വീടുകളുടെ നിര്‍മാണം തുടങ്ങിയതെന്നും ആരോപിച്ചു.ഈ സ്ഥലം കവളപ്പാറക്കാര്‍ക്ക് നല്‍കാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ ഗൂഢനീക്കം നടത്തിയെന്നും കുറ്റപ്പെടുത്തി. കലക്ടര്‍ക്കെതിരെ മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും പരാതി നല്‍കുമെന്നും അന്‍വര്‍ പറഞ്ഞു. കവളപ്പാറയില്‍ വീടുകള്‍ നഷ്ടപ്പെട്ട കുടുംബങ്ങളും സ്ഥലത്തെത്തിയിരുന്നു.

ഇതിനെതിരെ രംഗത്ത് വന്ന കലക്ടര്‍, പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അന്‍വര്‍ തന്നെ വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്ന് ആരോപിച്ചു. തനിക്കെതിരെ എന്ത് പരാതി വന്നാലും പേടിയില്ലെന്നും, സ്ഥലം മാറ്റം തന്നെ സംബന്ധിച്ച് ഒരു ദിവസത്തെ പായ്ക്കിംഗിന്റെ കാര്യം മാത്രമാണെന്നും കലക്ടര്‍ പറഞ്ഞു.  പുനരധിവാസത്തിന് സൗജന്യമായി ലഭിച്ച സ്ഥലം സര്‍ക്കാര്‍ ഫണ്ട് ചെലവിട്ടു വാങ്ങാന്‍ എംഎല്‍എ ആവശ്യപ്പെട്ടു. പ്രളയ പുനരധിവാസത്തിന് താന്‍ പറയുന്ന ഭൂമി വാങ്ങണമെന്നും പറഞ്ഞു. പുനരധിവാസത്തിന്  സ്ഥലവും പണവും ലഭ്യമാണ്. എന്നിട്ടും നിര്‍മാണം തുടങ്ങാത്തത് എന്തുകൊണ്ടെന്ന് അറിയില്ല. സ്ഥലം ഇടപാടുകളില്‍ പണം വാരാന്‍ ചിലര്‍ പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നെന്നും കലക്ടര്‍ വെളിപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com