തദ്ദേശ തെരഞ്ഞെടുപ്പ്: 20 മുതൽ വോട്ടർപട്ടികയിൽ പേരു ചേർക്കാം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th January 2020 06:50 AM  |  

Last Updated: 10th January 2020 06:50 AM  |   A+A-   |  

 

തിരുവനന്തപുരം: ഒക്ടോബറിൽ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പിനുളള വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ 20 മുതൽ അവസരം. കമ്മിഷന്റെ www.lsgelection.kerala.gov.in  എന്ന വെബ്സൈറ്റിലൂടെ ഫെബ്രുവരി 14വരെ പേരു ചേർക്കാം. താമസം മാറിയവർക്ക് പേരു മറ്റൊരു വാർഡിലേക്കു മാറ്റാനും അപേക്ഷിക്കാം. അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 28നു പ്രസിദ്ധീകരിക്കും.

ഈ മാസം ഒന്നിന് 18 വയസു തികഞ്ഞവർക്കാണു വോട്ടർ പട്ടികയിലേക്ക് അപേക്ഷിക്കാനാകുക. 2015ലായിരുന്നു കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ്. ആ വോട്ടർ പട്ടികയും ഉപതിരഞ്ഞെടുപ്പു നടന്ന വാർഡുകളിലെ പരിഷ്കരിച്ച വോട്ടർ പട്ടികയും 20നു കമ്മിഷന്റെ വെബ്സൈറ്റിലും എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും പരിശോധനയ്ക്കു ലഭ്യമാക്കും.

പട്ടിക പുതുക്കൽ സംബന്ധിച്ചു കളക്ടർമാർ ജില്ലാതല രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം 20നു മുൻപു വിളിച്ചു ചേർക്കും. 941 പഞ്ചായത്തുകളിലേക്കും 152 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും  14 ജില്ലാ പഞ്ചായത്തുകളിലേക്കും മട്ടന്നൂർ ഒഴികെ 86 മുനിസിപ്പാലിറ്റികളിലേക്കും 6 മുനിസിപ്പൽ കോർപറേഷനുകളിലേക്കുമാണു പൊതുതിരഞ്ഞെടുപ്പ്. മട്ടന്നൂർ ന​ഗരസഭയുടെ കാലാവധി 2022ലാണ് അവസാനിക്കുക.