പൊതുവാഹനമാണോ?, ജിപിഎസ് ഉണ്ടെങ്കില്‍ മാത്രം നിരത്തില്‍ ഇറക്കിയാല്‍ മതി!; സര്‍ക്കാര്‍ തീരുമാനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th January 2020 01:11 PM  |  

Last Updated: 10th January 2020 01:11 PM  |   A+A-   |  

 

തിരുവനന്തപുരം: പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍, സ്‌കൂള്‍ബസുകള്‍, വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന മറ്റുവാഹനങ്ങള്‍ എന്നിവയില്‍ ജിപിഎസ് ഘടിപ്പിക്കാനുള്ള തീരുമാനം കര്‍ശനമാക്കാനൊരുങ്ങി സര്‍ക്കാര്‍. നേരത്തേ ജിപിഎസ് ഘടിപ്പിക്കാനുള്ള തീരുമാനമെടുത്തപ്പോള്‍ ചില മോട്ടോര്‍വാഹന യൂണിയനുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് തീരുമാനം നിര്‍ബന്ധമാക്കുന്നത് വൈകിയത്.

ട്രാഫിക് കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കുക, വാഹനങ്ങളില്‍ യാത്രചെയ്യുന്ന സ്ത്രീകള്‍, കുട്ടികള്‍ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുക, അപകടത്തില്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് കാലതാമസംകൂടാതെ സഹായം ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പൊതുവാഹനങ്ങളില്‍ സര്‍ക്കാര്‍ ജിപിഎസ് നിര്‍ബന്ധമാക്കിയത്. ജിപിഎസ് സംവിധാനങ്ങള്‍ നിരീക്ഷിക്കാന്‍ അതത് ജില്ലകളിലെ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറെ(എന്‍ഫോഴ്‌സ്‌മെന്റ്) നോഡല്‍ ഓഫീസറായി നിയമിക്കണമെന്ന് സര്‍ക്കാരിന്റെ നിര്‍ദേശത്തില്‍ പറയുന്നു.

ജിപിഎസ് സംവിധാനങ്ങള്‍ നിരീക്ഷിക്കാന്‍ അതത് ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കാണ് ചുമതല. 
വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് ഡിവൈസ് (വിഎല്‍ടിഡി) ഘടിപ്പിച്ച വാഹനങ്ങളില്‍ സുരക്ഷാമീറ്ററും വേണം. ഇത് വാഹനം എവിടെയാണെന്ന് തിരിച്ചറിയാനാണെന്നും നിര്‍ദേശത്തില്‍ പറയുന്നു.

സ്‌കൂള്‍വാഹനങ്ങളില്‍ വിഎല്‍ടിഡി നിര്‍ബന്ധമായും ഘടിപ്പിക്കണം. ഇത് പരിശോധിച്ച് ഉറപ്പുവരുത്തണം. ജില്ലാ അടിസ്ഥാനത്തില്‍ ജിപിഎസ് സംവിധാനങ്ങള്‍ നിരീക്ഷിക്കാനും ആവശ്യമായ നടപടി സ്വീകരിക്കാനും എല്ലാ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളിലും മിനി കണ്‍ട്രോള്‍ റൂമുകള്‍ തുറക്കണമെന്നതാണ് സര്‍ക്കാരിന്റെ തീരുമാനം. വാഹനങ്ങളുടെ പരിശോധന സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ എല്ലാമാസവും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ എത്തിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.