പ്രളയം ബാധിച്ചവര്‍ക്കായി എത്തിച്ച വിശുദ്ധ ഖുറാന് എട്ടുലക്ഷം കസ്റ്റംസ് ഡ്യൂട്ടി; പണം അടയ്ക്കാന്‍ ശേഷിയില്ലെന്ന് അറബിക് കോളജ്, ലേലം

സൗജന്യമായി സൗദി അറേബ്യയില്‍ നിന്ന് കയറ്റിയയച്ച വിശുദ്ധ ഖുറാന് കസ്റ്റംസ് ഡ്യൂട്ടിയായി ആവശ്യപ്പെട്ടത് ലക്ഷങ്ങള്‍
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

കൊച്ചി: സൗജന്യമായി സൗദി അറേബ്യയില്‍ നിന്ന് കയറ്റിയയച്ച വിശുദ്ധ ഖുറാന് കസ്റ്റംസ് ഡ്യൂട്ടിയായി ആവശ്യപ്പെട്ടത് ലക്ഷങ്ങള്‍. ഗ്രന്ഥങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ എട്ടുലക്ഷം രൂപയാണ് കസ്റ്റംസ് അധികൃതര്‍ ആവശ്യപ്പെട്ടത്. ഇത്രയും ഉയര്‍ന്ന തുക കസ്റ്റംസ് ഡ്യൂട്ടിയായി നല്‍കാന്‍ സാമ്പത്തികശേഷിയില്ലെന്ന് മലപ്പുറം അറബിക് കോളജ് അറിയിച്ചതോടെ, ലേലം ചെയ്യാനുളള തീരുമാനത്തിലാണ് കസ്റ്റംസ് അധികൃതര്‍.

പ്രളയത്തില്‍ നഷ്ടപ്പെട്ടവര്‍ക്കായാണ് സൗദി അറേബ്യയില്‍ നിന്ന് വിശുദ്ധ ഖുറാന്‍ സൗജന്യമായി കയറ്റി അയച്ചത്. മാസങ്ങള്‍ക്ക് മുന്‍പ് കൊച്ചി വല്ലാര്‍പ്പാടം രാജ്യാന്തര കണ്ടെയ്‌നര്‍ ടെര്‍മിനിലിലാണ് 25,000 കിലോഗ്രാം തൂക്കം വരുന്ന ഗ്രന്ഥങ്ങള്‍ എത്തിയത്. ഇത് വാങ്ങാന്‍ എത്തിയപ്പോഴാണ് കസ്റ്റംസ് ഡ്യൂട്ടിയായി എട്ടുലക്ഷം രൂപ അടയ്്ക്കണമെന്ന് കസ്റ്റംസ് അധികൃതര്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ ഇത്രയും ഭീമമായ തുക അടയ്ക്കാന്‍ സാമ്പത്തിക ശേഷി ഇല്ലെന്ന് മലപ്പുറം വാഴക്കാട് പ്രവര്‍ത്തിക്കുന്ന ദാറുള്‍ ഉലും അറബിക് കോളജ് കസ്റ്റംസ് അധികൃതരെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ കുറെ മാസങ്ങളായി വെയര്‍ഹൗസില്‍ സൂക്ഷിക്കുന്ന ഖുറാന്‍ ഗ്രന്ഥങ്ങള്‍ ലേലത്തില്‍ വില്‍ക്കാന്‍ കസ്റ്റംസ് അധികൃതര്‍ തീരുമാനിച്ചതായി എംഐവി ലോജിസ്റ്റിക്‌സിനെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രളയത്തില്‍ ഖുറാന്‍ നഷ്ടപ്പെട്ട സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായാണ് സൗദി അറേബ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചതെന്ന്  ദാറുള്‍ ഉലും അറബിക് കോളജ് പ്രിന്‍സിപ്പല്‍ അബ്ദുള്‍ സലാം പറയുന്നു. ഇത് വാങ്ങാന്‍ സമീപിച്ചപ്പോള്‍ എട്ടുലക്ഷം രൂപ കസ്റ്റംസ് ഡ്യൂട്ടിയായി നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇത്രയും ഉയര്‍ന്ന തുക അടയ്ക്കാന്‍ ശേഷിയില്ലാത്തത് കൊണ്ട് ചരക്ക് എടുക്കേണ്ട എന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് അബ്ദുള്‍ സലാം പറയുന്നു.

കസ്റ്റംസ് ഡ്യൂട്ടിയില്‍ നിന്ന് ഇളവ് നല്‍കുന്ന വിഭാഗത്തില്‍ പെടാത്ത സാഹചര്യത്തില്‍ കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കാതെ വേറെ വഴിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ കമ്മിറ്റി മൂല്യനിര്‍ണയം നടത്തി ഒരു ലക്ഷം രൂപ ലേലത്തിന്റെ അടിസ്ഥാന വിലയായി നിശ്ചയിച്ചതായി കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി. ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ പണം നല്‍കി ഗ്രന്ഥങ്ങള്‍ വാങ്ങാന്‍ ആവശ്യക്കാര്‍ ഇല്ലെങ്കില്‍ നിശ്ചയിച്ച വിലയുമായി വരുന്നവര്‍ക്ക് ചരക്ക് കൈമാറും. ജനുവരി 21നാണ് ലേലമെന്ന് അധികൃതര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com