കൈക്കൂലിയില്‍ കൈപൊള്ളി ; ചെക്ക്‌പോസ്റ്റില്‍ 'നിരീക്ഷണ ക്യാമറ'കളുമായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ; തന്ത്രം പൊളിച്ച് വിജിലന്‍സ്‌

മണ്ഡലകാലം ആരംഭിച്ചതോടെ ചെക്ക് പോസ്റ്റില്‍ കൈക്കൂലി സജീവമായതായി പരാതി ഉയര്‍ന്നിരുന്നു
കൈക്കൂലിയില്‍ കൈപൊള്ളി ; ചെക്ക്‌പോസ്റ്റില്‍ 'നിരീക്ഷണ ക്യാമറ'കളുമായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ; തന്ത്രം പൊളിച്ച് വിജിലന്‍സ്‌

തിരുവനന്തപുരം: കൈക്കൂലി പിടികൂടാനെത്തുന്ന വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ടുപിടിക്കാന്‍ ചെക്ക് പോസ്റ്റില്‍ മോട്ടോർ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥർ നടത്തിയ സൂത്രപ്പണി പൊളിച്ചു. വിജിലൻസിന്റെ വരവ് അറിയാൻ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്വന്തം നിലയ്ക്ക് 'നിരീക്ഷണ ക്യാമറകള്‍' സ്ഥാപിക്കുകയായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ക്യാമറകള്‍ കൈയ്യോടെ പൊക്കി. വാളയാര്‍ ചെക്ക് പോസ്റ്റിലായിരുന്നു സംഭവം.

മണ്ഡലകാലം ആരംഭിച്ചതോടെ ചെക്ക് പോസ്റ്റില്‍ കൈക്കൂലി സജീവമായതായി പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് വിജലന്‍ലസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരവധി ഉദ്യോഗസ്ഥരും ഏജന്‍റുമാരും ഉള്‍പ്പെടെ പിടിയിലായി. ലക്ഷക്കണക്കിന് രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ്  വിജിലൻസിന്റെ വരവ് അറിയാൻ ആർടി ഉദ്യോ​ഗസ്ഥർ സ്വന്തം ചെലവിൽ ക്യാമറ സ്ഥാപിച്ചത്.  

ചെക്ക് പോസ്റ്റ് കെട്ടിടത്തിനു പുറത്ത് നാല് ക്യാമറകളാണ് ഉദ്യോഗസ്ഥര്‍ സ്വകാര്യ ഏജന്‍സിയെ ഉപയോഗിച്ച് സ്ഥാപിച്ചത്.  ആര്‍സി ബുക്കുകള്‍ പരിശോധിക്കുന്ന ഹാളിലിരിക്കുന്ന എല്ലാ ആര്‍ടി ഉദ്യോഗസ്ഥര്‍ക്കും കാണാന്‍ സാധിക്കുന്ന വിധത്തിലായിരുന്നു ഈ ക്യാമറകളുടെ സ്‍ക്രീനുകള്‍ വെച്ചിരുന്നത്. സര്‍ക്കാര്‍ അനുമതിയില്ലാതെ,  50 മീറ്റര്‍ മുതല്‍ 100 മീറ്റര്‍ പരിധി വരെ റോഡിൽ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് വിജിലൻസിന് വിവരം ലഭിച്ചു.

തുടർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ ചെക്ക് പോസ്റ്റ് റോഡിലേക്ക് അഭിമുഖമായി വച്ചിരുന്ന  ക്യാമറകളെല്ലാം വിജിലൻസ് കൈയ്യോടെ പൊക്കി. എന്നാല്‍ ചെക്ക് പോസ്റ്റിന് സമീപത്തോ പരിശോധന നടക്കുന്ന ഭാഗങ്ങളിലോ ഒരു ക്യാമറ പോലും സ്ഥാപിച്ചിരുന്നില്ലെന്ന് വിജലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തിൽ സർക്കാരിന് വിശദമായ റിപ്പോർട്ട് നൽകാനുള്ള നീക്കത്തിലാണ് വിജിലൻസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com