പിന്‍സീറ്റിലുണ്ടെന്ന് കരുതി രക്ഷിതാക്കള്‍ വണ്ടി വിട്ടു; രണ്ടരവയസുകാരി പാര്‍ക്കില്‍ ഒറ്റപ്പെട്ടു

കടല്‍ത്തീരത്തെ കുട്ടികളുടെ പാര്‍ക്കില്‍ കുടുംബത്തില്‍നിന്നു വേര്‍പെട്ട രണ്ടരവയസുള്ള പെണ്‍കുട്ടിക്ക് രക്ഷകരായി ബീച്ചിലെ ജീവനക്കാര്‍
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

മലപ്പുറം: കടല്‍ത്തീരത്തെ കുട്ടികളുടെ പാര്‍ക്കില്‍ കുടുംബത്തില്‍നിന്നു വേര്‍പെട്ട രണ്ടരവയസുള്ള പെണ്‍കുട്ടിക്ക് രക്ഷകരായി ബീച്ചിലെ ജീവനക്കാര്‍. ഇന്നലെ വൈകിട്ട് 6നാണ് തിരൂര്‍ പടിഞ്ഞാറേക്കര ടൂറിസം ബീച്ചിലെ പാര്‍ക്കില്‍ കൂടെ വന്നവരെ കാണാതെ കരയുന്ന പെണ്‍കുട്ടി ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്.തുടര്‍ന്ന് ബീച്ച് മാനേജര്‍ സലാം താണിക്കാട് കുട്ടിയെ പാര്‍ക്കില്‍നിന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. 

ജീവനക്കാര്‍ ബീച്ചിലെ സന്ദര്‍ശകരോടെല്ലാം തിരക്കിയെങ്കിലും കുട്ടിയെ കൊണ്ടുവന്നവരെക്കുറിച്ചു വിവരം ലഭിച്ചില്ല. പിന്നീട് തിരൂര്‍ പൊലീസ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി കടപ്പുറത്ത് തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.ഇതിനിടെ സാമൂഹിക മാധ്യമങ്ങളില്‍ ബീച്ചില്‍നിന്നു കുട്ടിയെ ലഭിച്ച വിവരം പ്രചരിച്ചിരുന്നു. 

ഇതോടെ മാതാവും ബന്ധുക്കളും തിരിച്ചു ബീച്ചിലെത്തി കുട്ടിയെ വളാഞ്ചേരിയിലെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. കുട്ടി കാറില്‍ കയറിയെന്ന ധാരണയില്‍ മാതാവും ബന്ധുക്കളും വൈകിട്ട് ബീച്ചില്‍നിന്നു കാറില്‍ മടങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാര്‍ ഓടിച്ചിരുന്ന മാതാവ് കുട്ടി പിന്നിലുണ്ടെന്നാണു കരുതിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com