പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിൽ  കഴിയുന്ന യുവതിക്ക് കുത്തിവയ്പ് എടുത്തത് തൂപ്പുകാരി ; പരാതി, അന്വേഷണം

പരാതിയിന്മേൽ താലൂക്ക് ആശുപത്രി സൂപ്രണ്ട്  ഡോ കെ അനൂപ് ജീവനക്കാരിൽ നിന്നും അടിയന്തരമായി  വിശദീകരണം തേടി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഇടുക്കി :  പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ ചികിത്സയിൽ  കഴിയുന്ന യുവതിക്ക് കുത്തിവയ്പ്പെടുത്തത് ആശുപത്രിയിലെ  തൂപ്പുകാരി. യുവതിയുടെ പരാതിയിൽ ജീവനക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് സൂചന. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലാണ് സംഭവം. പരാതിയിന്മേൽ താലൂക്ക് ആശുപത്രി സൂപ്രണ്ട്  ഡോ കെ അനൂപ് ജീവനക്കാരിൽ നിന്നും അടിയന്തരമായി  വിശദീകരണം തേടി.

ജില്ലാ മെഡിക്കൽ ഓഫിസർക്ക് സൂപ്രണ്ട് ഇന്ന്  പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈമാറും. ചേറ്റുകുഴി ചങ്ങൻശേരിൽ ബെന്നി സെബാസ്റ്റ്യനാണ് ഇതു സംബന്ധിച്ച് നെടുങ്കണ്ടം താലൂക്ക് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയത്. ഈ മാസം ആറു മുതൽ ബെന്നിയുടെ ഭാര്യ പ്രസവ ശസ്ത്രക്രിയയ്ക്കു ശേഷം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.  എട്ടിനു രാത്രി  ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിന്റെ നിർദേശപ്രകാരം   തൂപ്പുകാരി കുത്തിവയ്പ് എടുത്തെന്നാണ് പരാതി.

സംഭവം നഴ്സിനെ അറിയിച്ചപ്പോൾ തങ്ങളുടെ കൂടെ നടന്ന് പഠിച്ചിട്ടുണ്ടെന്നും, നിങ്ങൾക്കു താൽപര്യമില്ലെന്ന കാര്യം മറ്റു നഴ്സുമാരെ അറിയിക്കാമെന്നും പറഞ്ഞെന്നും ബെന്നി പരാതിയിൽ ആരോപിക്കുന്നു. പരാതി ലഭിച്ചതായും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും നെടുങ്കണ്ടം താലൂക്ക് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. ആശുപത്രിയിൽ ഇതിനു മുൻപും സമാനമായ രീതിയിൽ കുത്തിവയ്പ് നൽകിയതായും ആരോപണമുണ്ട്.  പരാതി നൽകിയ ബെന്നിയുടെ ഭാര്യ ഇന്ന് ആശുപത്രി വിടും.

കൃത്യമായ പരിശീലനം ഇല്ലാത്തവർ കുത്തിവെയ്പ്പ്  നൽകിയാൻ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് ഡോക്ടർമാർ പറയുന്നു. സാധാരണ ഗതിയിൽ ഐവി കാനുല എന്ന സംവിധാനം ട്രിപ്പ് നൽകാനും, കുത്തിവയ്പ് നൽകാനും  കയ്യിൽ ഘടിപ്പിക്കും. ഇതിലൂടെയാണ് രോഗികൾക്ക് കുത്തിവയ്പ് നൽകുന്നതും, ട്രിപ്പ് നൽകുന്നതും. ഈ സംവിധാനത്തിലൂടെയാണ് തൂപ്പ് ജോലിക്കാരി കുത്തിവയ്പ് നൽകിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com