തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടര്‍പട്ടിക 2015 ലേതുതന്നെ;  തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം അന്തിമമെന്ന് സര്‍ക്കാര്‍

തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനപ്രകാരം, 2015ലെ വോട്ടര്‍പട്ടികയുമായി മുന്നോട്ടുപോകുമെന്ന്  മന്ത്രി എ സി മൊയ്തീന്‍
തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടര്‍പട്ടിക 2015 ലേതുതന്നെ;  തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം അന്തിമമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം : കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടികയുടെ കാര്യത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പിന്തുണയുമായി സര്‍ക്കാര്‍. വോട്ടര്‍ പട്ടികയുടെ കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനം എടുക്കേണ്ടത്. നിയമാനുസൃതമായ  നിയമവിധേയമായ സംവിധാനമാണത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തീരുമാനമെടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനപ്രകാരം, 2015ലെ വോട്ടര്‍പട്ടികയുമായി മുന്നോട്ടുപോകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു.

നോട്ടിഫിക്കേഷനില്‍ പറഞ്ഞിട്ടുള്ളത് ഒരു ബേസ് ഡാറ്റയുണ്ട്, 2014 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കിയാണ് അത് ഉണ്ടാക്കിയത്. 2015 ലെ തെരഞ്ഞെടുപ്പില്‍ അത് ഉപയോഗിച്ചു. 2019 വരെയുള്ള എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും  ഈ വോട്ടര്‍പട്ടിക തന്നെയാണ് പ്രയോജനപ്പെടുത്തിയിട്ടുള്ളത്.

2019 ലെ വോട്ടര്‍പട്ടിക വാര്‍ഡ് അടിസ്ഥാനത്തില്‍ ആക്കിവരണമെങ്കില്‍ ഒരുപാട് സമയമെടുക്കും. എന്‍ഐസിക്ക് കൊടുത്ത് വലിയ പണച്ചെലവുള്ള സംഗതിയാണത്. പാര്‍ലമെന്റ് വോട്ടര്‍പട്ടിക പഞ്ചായത്തിന്റെ ബൂത്ത് അടിസ്ഥാനത്തിലല്ല കിടക്കുന്നത്. അതുകൊണ്ട് ഈ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കി ഓണ്‍ലൈനായി അപേക്ഷ കൊടുക്കാമെന്ന് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 2015 ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി ആകരുതെന്ന എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ആവശ്യം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ വി ഭാസ്കരൻ ഇന്നലെ തള്ളിയിരുന്നു. 2015 ലെ വോട്ടർ പട്ടിക ഉപയോഗിക്കുന്നതിനൊപ്പം പുതുതായി പേരു ചേർക്കാൻ മൂന്ന് അവസരം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പേരു ചേർക്കൽ ഉൾപ്പെടെ കാര്യങ്ങൾ വിശദീകരിക്കാൻ 16 നും 17 നും ജില്ലാതലത്തിൽ രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിക്കാൻ കളക്ടർമാർക്കു നിർദേശം നൽകി.

2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച പട്ടികയാണു വാർഡ് അടിസ്ഥാനത്തിൽ ക്രമീകരിച്ച് 2015 ലെ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന് ഉപയോഗിച്ചത്. വൻ തുക ചെലവഴിച്ചും ഒട്ടേറെ ഉദ്യോഗസ്ഥരുടെ സേവനം ഉപയോഗിച്ചും തയാറാക്കിയ ഈ പട്ടിക ഉപേക്ഷിക്കുന്നതു പ്രായോഗികമല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടിക ഉപയോഗിക്കണമെന്നാണ് ഇരു മുന്നണികളും ആവശ്യപ്പെട്ടിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com