ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് വിചിത്രം, ഗവര്‍ണ്ണര്‍ അധഃപതിക്കുന്നു: എല്‍ഡിഎഫ് 

സര്‍ക്കാരിന്റെ ചുമതല നിറവേറ്റുന്നതിന്റെ ഭാഗമായാണ് അടിയന്തിര സാഹചര്യത്തില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കേണ്ടിവരുന്നത്
ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് വിചിത്രം, ഗവര്‍ണ്ണര്‍ അധഃപതിക്കുന്നു: എല്‍ഡിഎഫ് 

തിരുവനന്തപുരം: ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതില്‍ നിയമപരമായ പോരായ്മയുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടി പരിഹരിക്കുന്നതിന് പകരം തര്‍ക്കം ഉന്നയിക്കുന്നതും പരസ്യവിവാദം സൃഷ്ടിക്കുന്നതും ഗവര്‍ണ്ണര്‍ പദവിക്ക് ചേര്‍ന്നതല്ലെന്ന് എല്‍ഡിഎഫ്. സര്‍ക്കാരിന്റെ ചുമതല നിറവേറ്റുന്നതിന്റെ ഭാഗമായാണ് അടിയന്തിര സാഹചര്യത്തില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കേണ്ടിവരുന്നത്. ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റുന്നതിന് പകരം രാഷ്ട്രീയ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വിധേയമായി നിലപാട് സ്വീകരിക്കുന്ന ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ നിലപാട് വിചിത്രമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ജനാധിപത്യപരമായി നിലവില്‍ വന്ന സര്‍ക്കാര്‍ നയങ്ങളുടെ അടിസ്ഥാനത്തിലാണ് മുന്നോട്ടുപോകുന്നത്. അത് പ്രകാരമുള്ള നടപടികളെ ചോദ്യം ചെയ്യുന്നത് ഗവര്‍ണ്ണര്‍ പദവിക്ക് ഭൂഷണമല്ല. സ്വന്തം രാഷ്ട്രീയം അടിച്ചേല്‍പ്പിക്കാന്‍ സംസ്ഥാന ഗവര്‍ണ്ണര്‍ക്ക് ഭരണഘടന അധികാരം നല്‍കുന്നില്ല. ഇക്കാര്യം വിസ്മരിച്ചാണ് സര്‍ക്കാര്‍ നടപടികളെ ഗവര്‍ണ്ണര്‍ എതിര്‍ക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശക്തികളുടെ ആയുധമായി ഗവര്‍ണ്ണര്‍ അധഃപതിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി.

സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളെ തളര്‍ത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഇത്തരമൊരു സമീപനം കേരളത്തില്‍ ഇതിന് മുമ്പ് ഒരു ഗവര്‍ണ്ണറും സ്വീകരിച്ചിട്ടില്ല.ഗവര്‍ണ്ണര്‍ പ്രകോപനപരമായ നിലപാട് എടുത്തിട്ടും സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും പക്വമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. സര്‍ക്കാരിന്റെ ചുമതല നിര്‍വ്വഹിക്കുന്നതിന് സഹായകരമായ നിലപാട് സ്വീകരിക്കാന്‍ ഇനിയെങ്കിലും ഗവര്‍ണ്ണര്‍ തയ്യാറാകണമെന്ന് എ വിജയരാഘവന്‍ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com