കെപിസിസി പുനസംഘടന : ഒരാള്‍ക്ക് ഒരു പദവിയില്‍ തര്‍ക്കം ; എംഎല്‍എമാരെയും ഭാരവാഹികളാക്കണമെന്ന് ഐ ഗ്രൂപ്പ് ; ഇന്ന് അന്തിമ ചര്‍ച്ച

ഒരാള്‍ക്ക് ഒരു പദവി നയം കെപിസിസിയില്‍ നടപ്പാക്കണമെന്നും, ഗ്രൂപ്പില്ലാത്തവരെയും പരിഗണിക്കണമെന്നും കെ വി തോമസ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി : കെപിസിസി പുനസംഘടന ചര്‍ച്ച അന്തിമഘട്ടത്തില്‍. ഒരാള്‍ക്ക് ഒരു പദവി എന്ന സംസ്ഥാന പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടില്‍ ഗ്രൂപ്പുകള്‍ക്ക് എതിര്‍പ്പുണ്ട്. വര്‍ക്കിംഗ് പ്രസിഡന്റ് പദവിയില്‍ എംപിമാരായ കെ സുധാകരനും കൊടിക്കുന്നില്‍ സുരേഷിനും ഇളവ് നല്‍കണമെന്നാണ് ഗ്രൂപ്പുകളുടെ ആവശ്യം. അതേസമയം എംഎല്‍എമാരും എംപിമാരും ഏറെ തിരക്കുള്ളവരാണെന്നും, അതിനാല്‍ പാര്‍ട്ടി ചുമതല കൂടി ഏറ്റെടുക്കുന്നത് അമിത ഭാരമാകുന്നതിനാല്‍ ഒഴിവാക്കണമെന്നുമാണ് മുല്ലപ്പള്ളിയുടെ നിലപാട്.

എന്നാല്‍ എംഎല്‍എമാരെ അടക്കം ഭാരവാഹികള്‍ ആക്കണമെന്നാണ് ഐ ഗ്രൂപ്പ് വാദിക്കുന്നത്. രണ്ടുനേതാക്കള്‍ക്ക് മാത്രമായി ഇളവ് നല്‍കുന്നത് ശരിയല്ല. രണ്ടു നീതി നടപ്പാക്കരുതെന്നും ഐ ഗ്രൂപ്പ് നേതാക്കള്‍ ആവശ്യപ്പെട്ടു. അന്തിമ ചര്‍ച്ചകല്‍ ഇന്ന് ഡല്‍ഹിയില്‍ നടക്കും. ചര്‍ച്ചകള്‍ക്കായി രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഡല്‍ഹിയിലെത്തും. മുല്ലപ്പള്ളിക്കൊപ്പം മൂവരും ഇന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തും.

കഴിഞ്ഞദിവസം പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധി, രാഹുല്‍ഗാന്ധി എന്നിവരുമായി ചര്‍ച്ച നടത്തിയശേഷം രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും നാട്ടിലേക്ക് മടങ്ങിയിരുന്നു. ഡല്‍ഹിയില്‍ തങ്ങിയ മുല്ലപ്പള്ളി ഇന്നലെ എകെ ആന്റണിയും കെസി വേണുഗോപാലുമായി വിഷയം ചര്‍ച്ച ചെയ്തു. കഴിഞ്ഞ നവംബറില്‍ കൈമാറിയ ജംബോ പട്ടിക ഹൈക്കമാന്‍ഡ് തള്ളിയതോടെ, ഭാരവാഹികളുടെ എണ്ണം കുറച്ച് പുതിയ പട്ടിക നല്‍കാനുള്ള ശ്രമത്തിലാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം.

ജനറല്‍ സെക്രട്ടറി പദവിയില്‍ 10 വര്‍ഷത്തിലേറെ ഇരുന്നവരെ മാറ്റാന്‍ ധാരണയായിട്ടുണ്ട്. കൂടാതെ എംപിയായ യുഡിഎഫ് കണ്‍വീനറെയും മാറ്റിയേക്കും. അതിനിടെ ഒരാള്‍ക്ക് ഒരു പദവി നയം കെപിസിസിയില്‍ നടപ്പാക്കണമെന്നും, ഗ്രൂപ്പില്ലാത്തവരെയും പുനസംഘടനയില്‍ പദവികളിലേക്ക് പരിഗണിക്കണമെന്നും മുതിര്‍ന്ന നേതാവ് കെ വി തോമസ് ആവശ്യപ്പെട്ടു. ലോക്‌സഭ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിന് പകരം പാര്‍ട്ടിയില്‍ ഉചിതമായ പദവി നല്‍കണമെന്ന് വാദിക്കുന്ന അദ്ദേഹം ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ചയ്ക്ക് ഡല്‍ഹിയിലെത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com