ക്വാറിക്കെതിരെ സമരം ചെയ്ത വനിതകള്‍ക്കു നേരെ ഡ്രൈവറുടെ അശ്ലീല പ്രദര്‍ശനം; വനിതാ കമ്മിഷന്‍ പൊലീസ് റിപ്പോര്‍ട്ട് തേടി

ക്വാറിക്കെതിരെ സമരം ചെയ്ത വനിതകള്‍ക്കു നേരെ ഡ്രൈവറുടെ അശ്ലീല പ്രദര്‍ശനം; വനിതാ കമ്മിഷന്‍ പൊലീസ് റിപ്പോര്‍ട്ട് തേടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂര്‍: കുഞ്ഞാലിപ്പാറ അനധികൃത കരിങ്കല്‍ ക്വാറിക്കെതിരെ സമരം ചെയ്ത വനിതകള്‍ക്ക് നേരെ ഡ്രൈവറുടെ അശ്ലീല പ്രദര്‍ശനം. പരാതിയില്‍ ലോറി ഡ്രൈവര്‍ക്കെതിരെ വനിത കമ്മിഷന്‍ പൊലീസിന്റെ റിപ്പോര്‍ട്ട് തേടി. 

ക്വാറി ഉടമയുടെ ലോറി ഡ്രൈവര്‍ക്കെതിരെ പരാതിയുമായി ഒരു കൂട്ടം വനിതകളാണ് തൃശൂര്‍ ടൗണ്‍ ഹാളില്‍ നടന്ന വനിതാ കമ്മിഷന്‍ മെഗാ അദാലത്തില്‍ എത്തിയത്. മൊബൈലില്‍ പകര്‍ത്തിയ ഫോട്ടോകള്‍ ആണ് ഇവര്‍ തെളിവായി സമര്‍പ്പിച്ചത്. വെള്ളിക്കുളങ്ങര പൊലീസ് സ്‌റ്റേഷനില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് വന്നാലുടന്‍ ഇതിനെതിരെ വേണ്ട നടപടികള്‍ എടുക്കുമെന്ന് കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി. ജോസഫൈന്‍ പറഞ്ഞു.

പൊളിക്കാന്‍ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും അനധികൃതമായി ലൈസന്‍സില്ലാതെ ശല്യമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന കണ്ടാണശ്ശേരി പഞ്ചായത്തിലെ വര്‍ക്ക് ഷോപ്പിനെതിരെ അയല്‍വാസിയായ സ്ത്രീ നല്‍കിയ പരാതിയിന്മേല്‍ സ്ഥലം പഞ്ചായത്ത് സെക്രട്ടറിയോട് അടുത്ത അദാലത്തില്‍ നേരിട്ട് ഹാജരാകാന്‍ കമ്മിഷന്‍ ഉത്തരവിട്ടു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറോട് വിശദമായ റിപ്പോര്‍ട്ടും കമ്മീഷന്‍ ആവശ്യപ്പെട്ടു.

വീടിന് സമീപത്തു നടത്തുന്ന ബജ്ജികടയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാത്രിയില്‍ പരിശോധനയ്ക്ക് എത്തിയതായി താന്ന്യം പഞ്ചായത്തിലെ വനിത പരാതിപ്പെട്ടു. ഇതില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ പഞ്ചായത്തിനും പൊലീസിനും നിര്‍ദേശം നല്‍കി.

19 വര്‍ഷം മുന്‍പ് മരിച്ച ഭര്‍ത്താവിന്റെ സ്വത്ത് ലഭിക്കണം എന്നാവശ്യവുമായി വന്ന സ്ത്രീയോട് ഭര്‍ത്താവിന്റെ വീട്ടുകാരുമായി ചര്‍ച്ച ചെയ്യാമെന്ന് കമ്മിഷന്‍ ഉറപ്പ് നല്‍കി. കാലഹരണപ്പെട്ട കേസ് ആണെങ്കിലും ആവശ്യമായ സഹായം ഉറപ്പ് നല്‍കി. തലക്കോട്ടുക്കരയില്‍ നിന്നെത്തിയ യുവ ദമ്പതികള്‍ വിവാഹമോചനവക്കിലാണ് എത്തിയത്. വിവാഹം കഴിക്കുമ്പോള്‍ ഭര്‍ത്താവിന് 23ഉം ഭാര്യക്ക് 18ഉം പ്രായം. ഒരു വര്‍ഷം ആയപ്പൊളേക്കും വിവിധ പ്രശ്‌നങ്ങള്‍ മൂലം വേര്‍പിരിയാന്‍ വേണ്ട സഹായം അഭ്യര്‍ത്ഥിച്ചാണ് അദാലത്തില്‍ എത്തിയത്. കമ്മിഷന്‍ അംഗങ്ങളുടെ ഉപദേശത്താല്‍ മൂന്ന് മാസം പരീക്ഷണാര്‍ത്ഥം ഒരുമിച്ച് ജീവിക്കാന്‍ തീരുമാനമായി. 

അദാലത്തില്‍ 88 കേസുകളാണ് പരിഗണിച്ചത്. ഇതില്‍ 24 എണ്ണം പരിഹരിച്ചു. 10 കേസുകള്‍ വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ടിനായി അയച്ചു. 54 കേസുകള്‍ അടുത്ത മാസത്തെ അദാലത്തിലേക്ക് മാറ്റി വെച്ചു. അദാലത്തില്‍ കമീഷന്‍ അംഗങ്ങളായ ഇ.എം. രാധ, ഷാഹിദ കമാല്‍, അഡ്വ. ഷിജി ശിവജി, ഡയറക്ടര്‍ വി.യു.കുര്യാക്കോസ് എന്നിവരും പങ്കെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com