പൗരത്വനിയമം നടപ്പാക്കുന്നതിനെതിരെ മുസ്ലീം ലീഗ് സുപ്രീം കോടതിയില്‍

കേന്ദ്ര സര്‍ക്കാര്‍ പുറത്ത് ഇറക്കിയ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നത് സ്‌റ്റേ ചെയ്യണം എന്നാണ് ലീഗിന്റെ ആവശ്യം
പൗരത്വനിയമം നടപ്പാക്കുന്നതിനെതിരെ മുസ്ലീം ലീഗ് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: പൗരത്വനിയമം നടപ്പിലാക്കുന്നതിനെതിരെ മുസ്ലീം ലീഗ് സുപ്രീം കോടതിയെ സമീപിച്ചു. സിഎഎയുടെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കാനുള്ള നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് ലീഗ് കോടതിയെ സമീച്ചത്. ദേശീയ ജനസംഖ്യ റജിസ്റ്ററിനുള്ള നടപടികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും ലീഗ് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിനുള്ള വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത് ഈ മാസം പത്താം തിയ്യതിയാണ്. ഇതിനു തൊട്ടുപിന്നാലെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയും ചെയ്തു.  ഏതാണ്ട്  40,000 പേരുടെ പട്ടിക കേന്ദ്രസര്‍ക്കാറിന് കൈമാറിയിരുന്നു. ഈ സാഹചര്യത്തിലാണ് ലീഗ് സുപ്രീം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.കേന്ദ്ര സര്‍ക്കാര്‍ പുറത്ത് ഇറക്കിയ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നത് സ്‌റ്റേ ചെയ്യണം എന്നാണ് ലീഗിന്റെ ആവശ്യം

പൗരത്വ ഭേദഗതി നിയമം ഭരണഘടനാപരമാണോ എന്ന് പരിശോധന നടത്തി വരികയാണ്. അതിന്റെ അന്തിമ നടപടി വരും വരെ ഇത് നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പികെ കുഞ്ഞാലിക്കുട്ടി മുസ്ലിം ലീഗിനു വേണ്ടി അപേക്ഷ നല്‍കിയിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ കബില്‍ സിബലുമായി കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ ആണ് മുസ്ലിം ലീഗിനു വേണ്ടി അപേക്ഷ ഫയല്‍ ചെയ്തത്.

ഇതോടൊപ്പം മറ്റൊരപേക്ഷയും ലീഗ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. രണ്ടാവശ്യങ്ങളടങ്ങിയ അപേക്ഷയില്‍  ദേശീയ ജനസംഖ്യ റജിസ്റ്റര്‍ നടപടികള്‍ നിര്‍ത്തി വെയ്ക്കാന്‍ നിര്‍ദേശിക്കണം എന്നതാണ് പ്രധാന ആവശ്യം. നാളെ കേന്ദ്രസര്‍ക്കാര്‍ ജനസംഖ്യ റജിസ്റ്ററുമായി ബന്ധപ്പെട്ട ഡല്‍ഹിയില്‍ സംസ്ഥാനങ്ങളുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. യോഗം ചേരാനിരിക്കെയാണ് ലീഗ് സുപ്രീം കോടതിയെ സമീപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com