'ആരിഫ് മുഹമ്മദ് ഖാന്‍ ആരെന്ന് പിണറായി ശരിക്കു മനസിലാക്കാന്‍  പോവുന്നേയുള്ളൂ'

'ആരിഫ് മുഹമ്മദ് ഖാന്‍ ആരെന്ന് പിണറായി ശരിക്കു മനസിലാക്കാന്‍  പോവുന്നേയുള്ളൂ'
തിരുവനന്തപുരത്ത് ലോകകേരള സഭയുടെ ഉദ്ഘാടന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും/ ബിപി ദീപു
തിരുവനന്തപുരത്ത് ലോകകേരള സഭയുടെ ഉദ്ഘാടന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും/ ബിപി ദീപു

ന്യൂഡല്‍ഹി: ഭരണഘടന എന്തെന്നും ആരിഫ് മുഹമ്മദ് ഖാന്‍ എന്ന ഗവര്‍ണര്‍ ആരെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മനസിലാക്കാന്‍ പോവുന്നേയുള്ളൂവെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സര്‍ക്കാരിന് റൂള്‍സ് ഒഫ് ബിസിനസ് അറിയില്ലെങ്കില്‍ പഠിപ്പിച്ചിരിക്കുമെന്ന് മുരളീധരന്‍ ട്വീറ്റ് ചെയ്തു.

പൗരത്വ നിയമത്തെച്ചൊല്ലി സംസ്ഥാന സര്‍ക്കാരുമായുള്ള ഭിന്നത രൂക്ഷമായി തുടരുന്നതിനിടെ, മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ റൂള്‍സ് ഒഫ് ബിസിനസ് വായിച്ച് ഗവര്‍ണര്‍ തന്റെ നിലപാട് വിശദീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം. നിയമനടപടികള്‍ സ്വീകരിക്കും മുമ്പ് ഗവര്‍ണറെ അറിയിക്കണമെന്ന് റൂള്‍സ് ഒഫ് ബിസിനസില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഇതു ലംഘിച്ചിരിക്കുന്നു. ഇക്കാര്യത്തില്‍ വിശദീകരണം തേടും. ഉദ്യോഗസ്ഥരല്ല, മുഖ്യമന്ത്രിയാണ് തനിക്കു വിശദീകരണം നല്‍കേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഭരണഘടനാ സംവിധാനങ്ങളും നിയമവാഴ്ചയും ഉറപ്പാക്കുകയാണ് തന്റെ കര്‍ത്തവ്യം. ഗവര്‍ണറുടെ അധികാരങ്ങള്‍ എന്തൊക്കെയെന്ന് ഭരണഘടനയിലും നിരവധി സുപ്രീം കോടതി വിധികളിലും വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന്, മുഖ്യമന്ത്രി ഇന്നലെ നടത്തിയ പ്രസംഗത്തിനു മറുപടിയായി ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണറുടെ അധികാരത്തെ മറികടന്നു പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിക്കാവില്ലെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ബ്രിട്ടിഷ് കാലത്തേതു പോലെ നിയമസഭയ്ക്കു മേല്‍ ഒരു റസിഡന്റിന്റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പ്രസംഗിച്ചിരുന്നു.

ഭരണഘടനയ്ക്കും നിയമങ്ങള്‍ക്കും താഴെയാണ് എല്ലാവരും. അത് ഉറപ്പാക്കുകയാണ് തന്റെ ജോലി. അത് ഉറപ്പാക്കുക തന്നെ ചെയ്യുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം നിയമസഭ പ്രമേയം പാസാക്കിയതിന് എതിരായ വിമര്‍ശനം ഗവര്‍ണര്‍ ആവര്‍ത്തിച്ചു. അധികാരമില്ലാത്ത കാര്യമാണ് നിയമസഭ ചെയ്തത്. രാഷ്ട്രപതി ഒപ്പിട്ടു രാജ്യത്തിന്റെ നിയമമായി മാറിയ കാര്യത്തെ സംരക്ഷിക്കല്‍ തന്റെ ഉത്തരവാദിത്തമാണ്. താന്‍ സര്‍ക്കാരിന്റെയല്ല, രാഷ്ട്രപതിയുടെ പ്രതിനിധിയാണ്- ഗവര്‍ണര്‍ പറഞ്ഞു.

തനിക്കെതിരെ കേരളത്തിലെ നേതാക്കള്‍ പല പ്രസ്താവനകളും നടത്തുന്നുണ്ട്. അതിനൊന്നും മറുപടി പറയുന്നില്ല. ഇതിനെല്ലാം അപ്പുറത്ത് കേരളത്തിലെ ജനങ്ങള്‍ വലിയ സ്‌നേഹമാണ് തന്നോടു പ്രകടിപ്പിക്കുന്നത്. കേരളീയര്‍ വലിയ രാജ്യസ്‌നേഹികളാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com