കടയടച്ചു ബഹിഷ്‌കരണം നേരിടാന്‍ ബിജെപി; കേരളത്തില്‍ വ്യാപാരികള്‍ക്കിടയില്‍ സംഘടന രൂപീകരിക്കുന്നു

കടയടച്ചു ബഹിഷ്‌കരണം നേരിടാന്‍ ബിജെപി; കേരളത്തില്‍ വ്യാപാരികള്‍ക്കിടയില്‍ സംഘടന രൂപീകരിക്കുന്നു
കടയടച്ചു ബഹിഷ്‌കരണം നേരിടാന്‍ ബിജെപി; കേരളത്തില്‍ വ്യാപാരികള്‍ക്കിടയില്‍ സംഘടന രൂപീകരിക്കുന്നു

തിരുവനന്തപുരം: പൗരത്വ നിയമത്തെക്കുറിച്ച് വിശദീകരിക്കുന്നതിന് യോഗം വിളിച്ച സ്ഥലങ്ങളില്‍ വ്യാപാരികള്‍ കടകള്‍ അടച്ച് പ്രതിഷേധിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വ്യാപാരികള്‍ക്കിടയില്‍ സംഘടന രൂപീകരിക്കാന്‍ സംഘപരിവാര്‍ തീരുമാനം. വ്യാപാരികള്‍ക്കിടയില്‍ സംഘ അനുകൂലികള്‍ ഏറെയുണ്ടെന്നും എന്നാല്‍ സംഘടന ഇല്ലാത്തതിനാല്‍ ഇവരെ ഉപയോഗിക്കാനാവുന്നില്ലെന്നും ഉള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം.

സംസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതിയെക്കുറിച്ചു വിശദീകരിക്കാന്‍ ബിജെപി യോഗം വിളിച്ച ഒന്നിലേറെ സ്ഥലങ്ങളില്‍ വ്യാപാരികളില്‍നിന്നു ബഹിഷ്‌കരണം നേരിട്ടിരുന്നു. യോഗം തുടങ്ങുന്നതിനു തൊട്ടുമുമ്പായി വ്യാപാരികള്‍ കടകള്‍ അടച്ചു പോവുകയായിരുന്നു. ഇതോടെ പലയിടത്തും വിശദീകരണ യോഗം ചടങ്ങുമാത്രമായി മാറി. ഈ പശ്ചാത്തലത്തിലാണ് വ്യാപാരി സംഘടന രൂപീകരിക്കാന്‍ സംഘം തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ഭാരതീയ വ്യാപാരി വ്യവസായി സംഘം എന്ന സംഘടന രജിസ്റ്റര്‍ ചെയ്തു.

നിലവില്‍ സംസ്ഥാനത്ത് വ്യാപാരമേഖലയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയുമാണ് പ്രവര്‍ത്തിക്കുന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതി സ്വതന്ത്ര സംഘടനയാണ്. വ്യാപാര വ്യവസായ സമിതിയാകട്ടെ സിപിഎമ്മിന്റെ പോഷക സംഘടന എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. 

പ്രാദേശിക തലത്തില്‍ സംഘപരിവാറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യാപാരികളെ സംഘടിപ്പിക്കുകയും പിന്നീട് സംസ്ഥാന തലത്തില്‍ സംഘടിത രൂപം നല്‍കുന്നതിനുമാണ് ബിജെപി നേതാക്കള്‍ ലക്ഷ്യമിടുന്നത്. ബിജെപി നേതാക്കളാണ് നിലവില്‍ വ്യാപാരികളെ സംഘടിപ്പിക്കുന്നതിനായി രംഘത്തിറങ്ങുന്നതെങ്കിലും ആര്‍എസ്എസ് തന്നെയാണ് മേല്‍നോട്ടം വഹിക്കുന്നത്. സംഘടനയ്ക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യുന്നതിന് ബിഎംഎസും രംഗത്തുണ്ട്. 

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ സംഘപരിവാര്‍ നേതൃത്വത്തില്‍ രൂപീകരിച്ച ശബരിമല കര്‍മ്മസമിതി ഹര്‍ത്താല്‍ ആഹ്വാനം ചെയ്തപ്പോള്‍ അതിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതി നേതാക്കള്‍ പറഞ്ഞിരുന്നു. സംസ്ഥാനത്തെ വ്യാപാരികളെ സംഘടിപ്പിക്കുകയെന്ന ആശയം അന്നു മുതല്‍ സംഘപരിവാര്‍ നേതൃത്വത്തിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com