'ഇന്ത്യയിലെ എല്ലാ ഗവര്‍ണര്‍മാരും ആര്‍എസ്എസുമായി ബന്ധമുള്ളവര്‍'; വിമര്‍ശനവുമായി ഇപി ജയരാജന്‍

പൊതുവേദികളില്‍ മാധ്യമങ്ങളെ കാണുമ്പോള്‍ അതിരുകടന്നുള്ള അഭിപ്രായ പ്രകടനം നടത്തുന്നു, അതും രാജ്യത്തിന് തന്നെ അപകടകരമായ രീതിയില്‍
'ഇന്ത്യയിലെ എല്ലാ ഗവര്‍ണര്‍മാരും ആര്‍എസ്എസുമായി ബന്ധമുള്ളവര്‍'; വിമര്‍ശനവുമായി ഇപി ജയരാജന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവും മന്ത്രിയുമായ ഇപി ജയരാജന്‍. ഗവര്‍ണര്‍മാര്‍ ആര്‍എസ്എസ് സ്വാധീന വലയത്തിലാണെന്നും, ചില ഗവര്‍ണര്‍മാരുടെ പെരുമാറ്റം അപകടകരമെന്നും കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പരോക്ഷമായി വിമര്‍ശിച്ച് പറഞ്ഞു. ഇന്ത്യയിലെ എല്ലാ ഗവര്‍ണര്‍മാരും ആര്‍എസ്എസ് ബന്ധമുള്ളവരാണ്. അവര്‍ ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നു. പൊതുവേദികളില്‍ മാധ്യമങ്ങളെ കാണുമ്പോള്‍ അതിരുകടന്നുള്ള അഭിപ്രായ പ്രകടനം നടത്തുന്നു, അതും രാജ്യത്തിന് തന്നെ അപകടകരമായ രീതിയില്‍. അനാവശ്യ സ്ഥലങ്ങളില്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറയുന്നത് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുമെന്നും ഇപി ജയരാജന്‍ പറഞ്ഞു.

അതേസമയം  പൗരത്വ നിയമഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം തേടി. സംസ്ഥാന ചീഫ് സെക്രട്ടറിയോടാണ് ഗവര്‍ണര്‍ വിശദീകരണം തേടിയത്. സര്‍ക്കാര്‍ കോടതിയെ സമീപിച്ചത് ചട്ടം മറികടന്നാണ്. ഈ വിഷയത്തില്‍ എത്രയും വേഗം വിശദീകരണം നല്‍കാനാണ് ചീഫ് സെക്രട്ടറി ടോം ജോസിന് രാജ്ഭവന്‍ നല്‍കിയിട്ടുള്ള നിര്‍ദേശം.

പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത് എന്ത് അടിസ്ഥാനത്തിലാണ്. രാഷ്ട്രപതി ഒപ്പിട്ടാണ് വിജ്ഞാപനം ഇറക്കിയത്. അതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുമ്പോള്‍ ചട്ടം അനുസരിച്ച് ഗവര്‍ണറെ അറിയിക്കേണ്ടതാണെന്ന് ഗവര്‍ണര്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഞായറാഴ്ച കോഴിക്കോട് ലിറ്റററി ഫെസ്റ്റിവലിലെ ഗവര്‍ണര്‍ പങ്കെടുക്കേണ്ട പരിപാടിയില്‍ നിന്ന ഗവര്‍ണര്‍ പിന്‍മാറി. സുരക്ഷാ കാരണങ്ങളാലാണ് പരിപാടി ഒഴിവാക്കിയതെന്ന് രാജ്ഭവന്‍ അറിയിച്ചു. കടപ്പുറത്ത് അന്‍പതിനായിരത്തോളം പേര്‍ പങ്കെടുക്കുന്ന പരിപാടിയാണ് സംഘടിപ്പിച്ചത്. എന്നാല്‍, സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ഡിസി ബുക്ക് അറിയിച്ചിരുന്നു. ഓഡിറ്റോറിയത്തില്‍ പിന്നീട് പരിപാടി സംഘടിപ്പിക്കാമെന്ന് അറിയിച്ചെന്ന് രാജ്ഭവന്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com