കുടിവെള്ളമെന്ന പേരില്‍ ഹോട്ടലിലും ആശുപത്രിയിലുമെത്തിക്കുന്നത് മലിനജലം; ടാങ്കര്‍ ലോറി പിടിച്ചെടുത്തു; ഹോട്ടല്‍ അടപ്പിച്ചു

അപകടകരമായ നിലയില്‍ വെള്ളം മലിനമാണെന്ന് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

തിരുവനന്തപുരം: കുടിവെള്ളമെന്ന പേരില്‍ തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളിലും ആശുപത്രികളും മലിന ജലമെത്തിച്ച ടാങ്കര്‍ ലോറി പിടികൂടി. നഗരസഭയുടെ ഹെല്‍ത്ത് അധികൃതരാണ് ലോറി പിടികൂടിയത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തില്‍ കുടിവെള്ളമെത്തിക്കുന്ന ടാങ്കര്‍ ലോറികള്‍ക്കുള്ള നിബന്ധനകള്‍ കര്‍ശനമാക്കി.

മലിനമായ സ്രോതസ്സുകളില്‍ നിന്ന് വെള്ളമെടുത്ത് കുടിവെള്ളമെന്ന വ്യാജേന നഗരത്തില്‍ വിതരണം ചെയ്യുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ഹെല്‍ത്ത് സ്വകാഡ് മിന്നല്‍ പരിശോധന നടത്തിയത്. നഗരത്തിലെ ഹോട്ടലുകളിലേക്ക് വെള്ളമെത്തിച്ച ടാങ്കര്‍ ലോറിയാണ് അധികൃതര്‍ പിടികൂടിയത്. തിരുവല്ലത്തിനടുത്ത് വയലില്‍ കുളം കുഴിച്ച്, അതില്‍ നിന്ന് ശേഖരിച്ച വെള്ളമാണ് ഇവര്‍ നഗരത്തിലെ ചില ഹോട്ടലുകളിലേക്ക് എത്തിച്ചിരുന്നത്. അപകടകരമായ നിലയില്‍ വെള്ളം മലിനമാണെന്ന് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. ഈ മലിനജലം ഉപയോഗിക്കുന്നതായി കണ്ടെത്തിയ അരുള്‍ ജ്യോതി ഹോട്ടലിന്റെ പ്രവര്‍ത്തനം നഗരസഭ ഇടപെട്ട് താത്കാലികമായി നിര്‍ത്തിവച്ചു.

നഗരത്തില്‍ കുടിവെള്ളമെത്തിക്കുന്ന ടാങ്കര്‍ ലോറികള്‍ക്ക് ഫെബ്രുവരി ഒന്ന് മുതല്‍ ലൈസന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. നഗരസഭയുടെ സ്മാര്‍ട്ട് ട്രിവാന്‍ഡ്രം മൊബൈല്‍ ആപ്പ് വഴിയും അക്ഷയകേന്ദ്രങ്ങള്‍ വഴയും ടാങ്കര്‍ ലോറികളുടെ സേവനത്തിനായി നഗരസവാസികള്‍ക്ക് അപേക്ഷിക്കാം ഉപഭോക്താക്കളില്‍ നിന്ന് കുടിവെള്ളത്തിന് അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും നഗരസഭ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com