തദ്ദേശ വാര്‍ഡ് വിഭജനത്തിന് ബില്‍; നിയമസഭാ സമ്മേളനം 30 മുതല്‍; മന്ത്രിസഭാ യോഗ തീരുമാനം

തദ്ദേശ വാര്‍ഡുകള്‍ വിഭജിക്കുന്നതിനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ ഗവര്‍ണര്‍ വൈകിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് ബില്‍ അവതരിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായുള്ള ബലാബലം തുടരുന്നതിനിടെ, സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം നടത്തുന്നതിനുള്ള ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. തദ്ദേശ വാര്‍ഡുകള്‍ വിഭജിക്കുന്നതിനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ ഗവര്‍ണര്‍ വൈകിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് ബില്‍ അവതരിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.

തദ്ദേശ സ്ഥാപനങ്ങളില്‍ ഒരു വാര്‍ഡു വീതം കൂട്ടിച്ചേര്‍ക്കാന്‍ നേരത്തെ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഓര്‍ഡനന്‍സ് തയാറാക്കി ഗവര്‍ണര്‍ക്കു സമര്‍പ്പിക്കുകയും ചെയ്തു. എന്നാര്‍ മൂന്നാഴ്ചയോളമായിട്ടും ഇതുവരെ ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടിട്ടില്ല. സര്‍ക്കാരില്‍നിന്നു ചില കാര്യങ്ങളില്‍ വ്യക്തത ആരാഞ്ഞിട്ടുണ്ടെന്നാണ് ഇതു സംബന്ധിച്ച് ഗവര്‍ണര്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞത്. 

ഓര്‍ഡിനന്‍സില്‍ നിര്‍ദേശിച്ചിട്ടുള്ള അതേ മാതൃകയില്‍ തന്നെ തദ്ദേശസ്ഥാപന വാര്‍ഡുകള്‍ വിഭജിക്കാനാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. ജനസംഖ്യയിലുണ്ടായ വര്‍ധന കണക്കിലെടുത്താണ് വാര്‍ഡ് വിഭജനം നടത്തുന്നതെന്നും ബില്ലില്‍ പറയുന്നു. 

തദ്ദേശ സ്ഥാപങ്ങളെ വിഭജിക്കുന്നതിനോട് പ്രതിപക്ഷം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിനായി വോട്ടര്‍ പട്ടിക പുതുക്കുന്ന നടപടികള്‍ തുടങ്ങിയിരിക്കുകയാണ്. ഇതിനൊപ്പം സെന്‍സസ് നടപടികളും നടന്നുവരുന്നു. ഇതിനിടയില്‍ വാര്‍ഡ് വിഭജനം നടത്തുന്ന അപ്രായോഗികമാണെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

ഈ മാസം 30ന് നിമയസഭ വിളിച്ചുചേര്‍ക്കുന്നതിനു ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാനും ഇന്നു രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാവും സഭാ സമ്മേളനത്തിനു തുടക്കം കുറിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com